ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുബേര’. തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികളും നടക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തിനായി മാലിന്യ കൂമ്പാരത്തിന് നടുവില്‍ ഷൂട്ട് ഉണ്ടായിരുന്നെന്നും തനിക്ക് ആ ദുര്‍ഗന്ധം സഹിക്കാനായില്ലെന്നും ധനുഷ് പറഞ്ഞു. താന്‍ ഇക്കാര്യം രശ്മികയോട് പറഞ്ഞപ്പോള്‍ ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രമോഷന്‍ പരിപാടിയിലായിരുന്നു ധനുഷ് ഇക്കാര്യം പറഞ്ഞത്.
ധനുഷിന്റെ വാക്കുകള്‍…..
‘ഈ സിനിമയില്‍ വലിയൊരു മാലിന്യ കൂമ്പാരത്തിന് നടുവില്‍ ഷൂട്ട് ചെയ്യുന്ന സീനുകള്‍ ഉണ്ടായിരുന്നു. ഞാനും രശ്മികയുമായിരുന്നു ആ സീനില്‍. ആറ് ഏഴ് മണിക്കൂര്‍ അവിടെ നിന്നാണ് ഷൂട്ട് ചെയ്തത്. അവിടുത്തെ ദുര്‍ഗന്ധം എനിക്ക് സഹിക്കാനിയില്ല. രശ്മികയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ‘എനിക്ക് സ്‌മെല്‍ ഒന്നും വരുന്നില്ലല്ലോ’ എന്നായിരുന്നു മറുപടി. അത് കേട്ടതും ഞാന്‍ ഞെട്ടി. ഇവര്‍ക്ക് എന്തോ പ്രത്യേകത ഉണ്ട് അല്ലാതെ അങ്ങനെ പറയില്ലലോ. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. ഞാന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് വളരെ വ്യത്യസ്തമായ സിനിമായാണിത്. എനിക്ക് മാത്രമല്ല രശ്മികയ്ക്കും നാഗാര്‍ജുന സാറിനുമെല്ലാം നല്ല കഥാപാത്രങ്ങളാണ് കിട്ടിയിട്ടുള്ളത്.’
ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴില്‍ സുനില്‍ നാരംഗ്, പുഷ്‌കര്‍ രാം മോഹന്‍ റാവു എന്നിവരാണ് കുബേര നിര്‍മിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ മിത്തോളജിക്കല്‍ ചിത്രമായാണ് കുബേര ഒരുക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 50 കോടി രൂപയ്ക്കാണ് സിനിമയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 20 നാണ് കുബേര തിയേറ്ററുകളിലെത്തുന്നത്.