Entertainment

‘വ്യസന സമേതം ബന്ധുമിത്രാദികള്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിപിന്‍ ദാസ്

അനശ്വര രാജന്‍ നായികയായിയെത്തുന്ന ചിത്രമാണ് വ്യസന സമേതം ബന്ധുമിത്രാദികള്‍ . എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വ്യസന സമേതം ബന്ധുമിത്രാദികള്‍. ‘വാഴ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ‘അനശ്വര രാജന്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്യുമെന്ന പ്രതീക്ഷയോടെ വ്യസന സമേതം ബന്ധമിത്രാദികള്‍’ എന്ന് എഴുതിക്കൊണ്ടായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തിയത്. അത്തരമൊരു പോസ്റ്റര്‍ പുറത്തിറക്കാനുള്ള കാരണം പറയുകയാണ് സിനിമയുടെ നിര്‍മാതാവായ വിപിന്‍ ദാസ്. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിപിന്‍ ദാസിന്റെ വാക്കുകള്‍…..

‘അങ്ങനെ പോസ്റ്ററില്‍ എഴുതാമെന്നത് എന്റെ ഐഡിയ ആയിരുന്നു. കാരണം അനശ്വരയുമായി ബന്ധപ്പെട്ട് അന്ന് അങ്ങനെ ഒരു പ്രശ്നം നടക്കുകയായിരുന്നല്ലോ. അനശ്വര പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞിട്ട്. ഇതൊക്കെ എപ്പോഴോ നടന്ന കാര്യമാണ്. നമ്മള്‍ ആ സമയത്ത് ഒരു ഡിസ്‌കഷന്‍ നടത്തിയിരുന്നു. വെറുതെ അനശ്വരയെ കളിയാക്കിയിട്ട് നമ്മള്‍ പറഞ്ഞതാണ്. അതൊരു കണ്ടന്റാക്കാമെന്ന പ്രതീക്ഷയില്‍ അനശ്വരയെ വിളിച്ചു. ഷെയര്‍ ചെയ്യുമല്ലോ അല്ലേ എന്ന് ചോദിച്ചു. ഞാന്‍ ആലോചിക്കട്ടെയെന്ന് അനശ്വരയും പറഞ്ഞു. നമ്മള്‍ ഇങ്ങനെ ഷെയര്‍ ചെയ്യുമെന്ന് പറഞ്ഞു. പുള്ളിക്കാരിയും വിചാരിച്ചില്ല നമ്മള്‍ ഇങ്ങനെ ചെയ്യുമെന്ന്. നമ്മള്‍ അത് ഷെയര്‍ ചെയ്തു.’

അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.