Entertainment

‘ദശമൂലം ദാമു ഇനി ഉണ്ടാകില്ല,എനിക്കും അതിനോടുള്ള താത്പര്യം നഷ്ടപ്പെട്ടു’; ബെന്നി പി നായരമ്പലം

മമ്മൂട്ടിയെ നായകനാക്കി 2009ല്‍ ഷാഫി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചട്ടമ്പിനാട് എന്ന സിനിമയില്‍ ഏറെ ശ്രദ്ധ നേടിയ വേഷമാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ വരുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാല്‍ ദശമൂലം ദാമുവിനെ വെച്ച് ഒരു സിനിമ ഇനി ഉണ്ടാകില്ല എന്ന് പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെന്നി പി നായരമ്പലം പറഞ്ഞത്….

‘ദശമൂലം ദാമു ഇനി വരില്ല. അങ്ങനെയൊരു സിനിമയ്ക്കുള്ള ശ്രമങ്ങള്‍ കുറേ നടത്തിയിരുന്നു. പിന്നെ സുരാജിനും അതിനുള്ള ഒരു ധൈര്യമില്ല. ചെയ്യാമെന്ന് പറഞ്ഞിട്ട് പല സെറ്റപ്പിലും നോക്കിയിരുന്നു. പിന്നെ അതിന്റെ പ്രസക്തിയങ്ങ് പോയി. ആ കഥാപാത്രം വന്നിട്ട് ഇപ്പോള്‍ ഒരുപാട് നാളായില്ലേ. എനിക്കും അതിനോടുള്ള താത്പര്യം നഷ്ടപ്പെട്ടു. അതുകൊണ്ട് എന്തായാലും ദശമൂലം ദാമു ഇനി ഉണ്ടാകില്ല’.

2009 ല്‍ ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു ചട്ടമ്പിനാട് . ചിത്രത്തില്‍ കോമഡി സ്വഭാവമുള്ള ഒരു ഗുണ്ടാ കഥാപാത്രമായിരുന്നു സുരാജ് അവതരിപ്പിച്ച ദശമൂലം ദാമു. സിനിമയില്‍ ഏറെ കയ്യടി വാങ്ങിയ ഈ കഥാപാത്രം പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ വലിയ ആരാധകരെയുണ്ടാക്കുകയും മീമുകളിലെ നിറസാന്നിധ്യമാവുകയുമായിരുന്നു.

ബിഗ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ്, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പ്ലേ ഹൗസ് റിലീസ് ആണ്. മമ്മൂട്ടി, വിനു മോഹന്‍, മനോജ് കെ. ജയന്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മി റായ്, മൈഥിലി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്.