റാമിനെയും ജാനുവിനെയും മറക്കാത്ത സിനിമാപ്രേമികൾ ഉണ്ടാകില്ല. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന സഹപാഠികളുടെ ഓർമ്മകളാലും പ്രണയ നിമിഷങ്ങളാലും പ്രേഷക പ്രീതിയിലെത്തിയ ചിത്രമാണ് 96. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സംവിധായകന് സി പ്രേംകുമാര്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ഗായിക ചിന്മയി, പ്രേംകുമാറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 96ന്റെ തിരക്കഥ പൂര്‍ത്തിയായതായും, ഇപ്പോൾ മറ്റൊരു പ്രൊജക്ടിന്റെ ഒരുക്കത്തിലാണെന്നും സംവിധായകൻ വെളിപ്പെടുത്തി.
96 , മെയ്യഴകൻ എന്നീ രണ്ട് സിനിമകളാണ് പ്രേംകുമാറിന്റേതായി പുറത്ത് വന്നത്. ഇരു സിനിമകളും ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ. ഇതിൽ 96 എന്ന ചിത്രം എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. 2018-ല്‍ പുറത്തിറങ്ങിയ ‘96’ ചിത്രത്തിൽ വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായാണ് എത്തിയത്. ഗൗരി ജി കിഷന്, ആദിത്യ ഭാസ്കര്‍ തുടങ്ങിയ പുതുമുഖങ്ങളായിരുന്നു ഇരുവരുടേയും ബാല്യകാലം അവതരിപ്പിച്ചത്.
1996ല്‍ പാസായ സ്കൂൾ കൂട്ടുകാരുടെ ഒരു റി യൂണിയനിലാണ് ചിത്രം തുടങ്ങുന്നത്. ഈ റി യൂണിയനിൽ സ്കൂൾ കാലഘട്ടത്തിലെ പ്രണയിനികളായ റാമും, ജാനുവും വീണ്ടും കണ്ടുമുട്ടുകയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന നാടകീയമായ മറ്റു കാര്യങ്ങളുമാണ് സിനിമ പറയുന്നത്. 96 ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വലിയ കൈയ്യടി നേടിയിരുന്നു. പിന്നീട് ഇത് കന്നഡത്തിൽ ’99’ എന്ന പേരിലും, തെലുങ്കിൽ ‘ജാനു’ എന്ന പേരിലും റീമേക്ക് ചെയ്തു.
’96’ന്റെ രണ്ടാം ഭാഗം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് പുതിയ അപ്ഡേറ്റ് വലിയ സന്തോഷവാർത്തയാണ്. താരസംഘവും കഥാപശ്ചാത്തലവും സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ഉടനെ പുറത്തുവരാനാണ് സാധ്യത.
content highlight: 96 Movie