തുടരെത്തുടരെ പിന്തുടരുന്ന ദുരന്തങ്ങൾ കാന്താര ടീമിന് ഇപ്പോൾ പുതുമയുള്ള കാര്യമല്ല. റിഷബ് ഷെട്ടി നായകനായി ഷൂട്ടിങ് പുരോഗമിക്കുന്ന ‘കാന്താര- ചാപ്റ്റർ 1’ എന്ന ചിത്രത്തെ ഒന്നിന് പുറകെ ഒന്നായി വിട്ടു പിരിയാതെ ദുരന്തങ്ങൾ പിന്തുടരുകയാണ്. ഇപ്പോഴിതാ സംവിധായകനും ചിത്രത്തിലെ നായകനുമായ ഋഷഭ് ഷെട്ടി ഉൾപ്പെടെ 30-ലേറെ പേർ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടിരിക്കുകയാണ്. തലനാരിയഴ്ക്കാണ് വന്‍ അപകടത്തില്‍ നിന്ന് സംഘം രക്ഷപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കർണാടകയിലെ ശിവമോഗ ജില്ലയിലെ മണി റിസർവോയറിലാണ് അപകടം നടന്നതെന്നാണ് സൂചന. റിസർവോയറിന്റെ ആഴംകുറഞ്ഞ ഭാഗത്താണ് ബോട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ‘ബോട്ട് മറിഞ്ഞപ്പോൾ എല്ലാവരും പരിഭ്രാന്തരായി, എന്നാൽ വെള്ളത്തിന് ആഴം കുറവായിരുന്നതിനാൽ തങ്ങൾക്ക് സുരക്ഷിതമായി കരയിലെത്താൻ കഴിഞ്ഞുവെന്ന്’വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ബോട്ട് മറിയാനുണ്ടായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകട പരമ്പര കൊണ്ട് നേരത്തെയും ചിത്രം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ ഭാഗമായ മൂന്നുപേരാണ് ഇതിനോടകം ജീവൻ വെടിഞ്ഞത്. 2022-ൽ പുറത്തിറങ്ങി ഇന്ത്യയെമ്പാടും വൻവിജയം നേടിയ കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കാന്താര: ചാപ്റ്റർ 1. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
story highlight: kantara chapter 1 boat accident