Entertainment

‘ഏട്ടന്‍’ പ്രിവ്യൂ ഷോ കഴിഞ്ഞു, ഇനി തീയേറ്ററിലേക്ക്

പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം നേടിയ ഒരു പത്തു വയസ്സുകാരന്റെ ജീവിത കഥ അവതരിപ്പിക്കുകയാണ് ‘ഏട്ടന്‍’ എന്ന ചിത്രം. ജെറ്റ് മീഡിയ പ്രൊഡഷന്‍സിനു വേണ്ടി സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ പ്രദീപ് നാരായണന്‍ സംവിധാനം ചെയ്യുന്നു. ആതിരപ്പള്ളിയില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ ദിവസം എറണാകുളം വനിത തീയേറ്ററില്‍ നടന്നു. ജൂലൈ മാസം ചിത്രം തീയേറ്ററിലെത്തും.

നല്ലൊരു കുട്ടികളുടെ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ‘ഏട്ടന്‍’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാലതാരം ലാല്‍ കൃഷ്ണയാണ്. വിജയ് ബാബു, സന്തോഷ് കീഴാറ്റൂര്‍, ചെല്ല ദുരൈ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പൊരുതുന്ന ഒരു ബാലന്റെ കഥ മാത്രമല്ല ‘ഏട്ടന്‍’ . പ്രകൃതി, സമൂഹം, സഹജീവികളോടുള്ള മനോഭാവം ഇതൊക്കെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്ന്, ചിത്രത്തിന്റെ സംവിധായകന്‍ പ്രദീപ് നാരായണനും, നിര്‍മ്മാതാവ് സുനില്‍ അരവിന്ദും വ്യക്തമാക്കി.

പന്ത്രണ്ടു വയസ്സുവരെ അക്കാഡമിക്കല്‍ എജ്യുക്കേഷന്‍ ലഭിക്കാത്ത ഒരു മലയോര ഗ്രാമത്തിലെ കുട്ടി, പ്രകൃതിയില്‍ നിന്നും, തന്നെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നവരില്‍ നിന്നും, നേടിയ കരുത്തുമായി,പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പ്രതീക്ഷയുടെ ഒരു പുതിയ ലോകം പിടിച്ചെടുക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു മലയാള ചലച്ചിത്രമാണ് ‘ഏട്ടന്‍’.

പരിസ്ഥിതി, ലഹരിക്കെതിരെയുള്ള സന്ദേശം, ഓട്ടിസം ബാധിച്ച കുട്ടികളോടുളള വാല്‍സല്യം, സഹജീവികളോടുള്ള സ്‌നേഹം, അറിവിന്റെ പാതയിലൂടെയുള്ള വിദ്യാഭ്യാസം, എന്നിവയിലൂടെ ജീവിത വിജയം നേടുന്ന ഒരു കുട്ടിയുടെ കഥയാണ് ‘ഏട്ടന്‍’ പറയുന്നത്.

ജെറ്റ് മീഡിയ പ്രൊഡക്ഷന്‍സിനു വേണ്ടി സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന’ ഏട്ടന്‍’ പ്രദീപ് നാരായണന്‍ സംവിധാനം ചെയ്യുന്നു. രചന – ആന്‍സന്‍ ആന്റണി, ക്യാമറ -ജോഷ്വാ റെ ണോള്‍ഡ്, ഗാന രചന – ഫ്രാന്‍സിസ് ജിജോ, സംഗീതം – വിമല്‍ പങ്കജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ഷിഹാബ് നീരുങ്കല്‍, ആര്‍ട്ട് – പ്രദീപ് വേലായുധന്‍, മേക്കപ്പ് -ബൈജു സി ആന്റണി, കോസ്റ്റ്യൂംസ് – ടെല്‍മ ആന്റണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷജിത്ത് തിക്കോടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സച്ചി ഉണ്ണികൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ – സിജോ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ – രാഗേഷ് പല്ലിശ്ശേരി, അനൂപ് എ.എ, സ്റ്റില്‍ – സെമില്‍ ലാല്‍,പി.ആര്‍.ഒ – അയ്മനം സാജന്‍.

വിജയ് ബാബു, സന്തോഷ് കീഴാറ്റൂര്‍, ചെല്ല ദുരൈ, കോബ്രാ രാജേഷ്, ലാല്‍ കൃഷ്ണ, കൊച്ചുപ്രേമന്‍, സുനില്‍ അവിന്ദ്, അനീഷ് ജി മേനോന്‍, ആല്‍ബിന്‍ ജയിംസ്, ഡോ. കലാമണ്ഡലം രാധിക, ദേവകി, ദിയ ഫര്‍സീന്‍, ഡോ. ദിവ്യ, ഹരിദാസ് യു, സുരേഷ് എന്നിവര്‍ അഭിനയിക്കുന്നു. ജൂലൈ മാസം ചിത്രം പ്രദര്‍ശനത്തിനെത്തും.