Entertainment

‘ലോഹിക്ക് വിഷമം ഉണ്ടാക്കിയ ഒരു കാര്യമുണ്ടായിരുന്നു, പക്ഷേ ലോഹി എന്നോട് അതെ കുറിച്ച് സംസാരിച്ചില്ല’: വെളിപ്പെടുത്തലുമായി ലാല്‍

മലയാളത്തിലെ പ്രമുഖ നടന്മാരില്‍ ഒരാളാണ് ലാല്‍. അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ തന്റെ കഴിവ് തെളിയിച്ച കലാക്കാരനാണ് ലാല്‍. ലാലിന്റെ വില്ലന്‍ കഥാപാത്രങ്ങളും, തമാശ വേഷങ്ങളും പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഏതൊരു വേഷവും ഗംഭീരമായി അവതരിപ്പിക്കുന്ന കലാക്കാരനാണ് അദ്ദേഹം. ഇപ്പോഴിതാ രേഖ മേനാന് നല്‍കിയ ലാലിന്റെ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. ലോഹിതദാസുമായുളള ഒരു പഴയ സംഭവത്തെ കുറിച്ചാണ് അഭിമുഖത്തില്‍ ലാല്‍ പറയുന്നത്.

ലാലിന്റെ വാക്കുകള്‍…….

‘ലോഹിയും ഞങ്ങളും ഫാമിലിയായിട്ട് ഒരുപാട് യാത്രകള്‍ ഒക്കെ പോയിട്ടുണ്ട്. ലോഹിക്ക് വിഷമം ഉളള ഒരു കാര്യമുണ്ടായി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ എനിക്കൊരു വേഷം ചെയ്യാനുണ്ടായിരുന്നു. അപ്പോഴാണ് മഴ എന്ന സിനിമയില്‍ നിന്നും വിളിച്ചത്. ലോഹി പറഞ്ഞു കുഴപ്പമില്ല അത് പോയി ചെയ്‌തോളൂവെന്ന്. പക്ഷേ മഴ അങ്ങനെ പോയി രണ്ട് മാസം കൊണ്ടൊന്നും തീര്‍ന്നില്ല. അരയഞ്ഞങ്ങളുടെ വീടിന്റെ ചിത്രീകരണം തുടങ്ങി. വേറെ ആരെ വെച്ച് നോക്കിയിട്ടും ലോഹിക്ക് അത് തൃപ്തി വന്നില്ല. ലോഹി അതില്‍ നിന്ന കൂറെ സീന്‍ കട്ട് ചെയ്തു. എന്നിട്ട് പറഞ്ഞു കട്ട് ചെയ്ത് കുറച്ചിട്ടുണ്ട് ഒരു 5 ദിവസമെങ്കിലും വന്ന് ചെയ്യണമെന്ന്. അത് ഞാന്‍ പോയി ചെയ്‌തെങ്കിലും ലോഹിക്ക് നല്ല വിഷമം ഉണ്ടാക്കി. എന്നാല്‍ അതെ കുറിച്ച് നമ്മള്‍ സംസാരിച്ചിട്ടുമില്ല.’

ലോഹിതദാസ് രചനയും സംവിധാനം നിര്‍വ്വഹിച്ച് 2000-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അരയന്നങ്ങളുടെ വീട്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമി, കവിയൂര്‍ പെന്നമ്മ, ദേവന്‍, സിദ്ദിഖ്, ഉടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിച്ചു.