ആരാധകർ ഏറെയുള്ള താരമാണ് സുരേഷ്‌ഗോപി. അദ്ദേഹത്തിന്റെ മകനായ മാധവ് സുരേഷും അഭിനയ രംഗത്തേക്ക് ചുവടുവച്ചു കിഴിഞ്ഞു. ഇപ്പോഴിതാ സുരേഷ് ഗോപി നായകനാവുന്ന ജെഎസ്കെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അച്ഛനെക്കുറിച്ച് വാചാലനായി നടൻ മാധവ് സുരേഷ്.
അച്ഛൻ സുരേഷ് ഗോപി ചെയ്ത കഥാപാത്രങ്ങളിൽ ഭരത്ചന്ദ്രൻ ഐപിഎസ് ആണ് ഏറ്റവും ഇഷ്ടമെന്ന് മാധവ്. അത് പക്ഷേ കമ്മീഷണർ എന്ന സിനിമയിലെയല്ല, ഭരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമയിലെ ഭരത്ചന്ദ്രനെയാണ് ഇഷ്ടം. അതിന് വളരെ ഇമോഷണലും വ്യക്തിപരവുമായ കാരണങ്ങളുണ്ടെന്നും മാധവ് പറഞ്ഞു.
“സിനിമയുടെ പ്രേക്ഷകരാണ് എന്റെ അച്ഛനെ ഒരു സൂപ്പർസ്റ്റാർ ആക്കിയത്. അവർ തീരുമാനിച്ചാൽ, എനിക്ക് കഴിവുണ്ടെന്ന് അവർ തിരിച്ചറിഞ്ഞാൽ എന്നെങ്കിലും ഒരിക്കൽ ഞാൻ ഒരു സൂപ്പർ താരം ആയേക്കും. ഒരു നടൻ ആകണം എന്ന് ഞാൻ സ്വപ്നം കണ്ടിട്ടൊന്നുമില്ല, പക്ഷേ സിനിമ എന്റെ അടുത്തേക്ക് വരികയായിരുന്നു. അതിനുകാരണം സുരേഷ് ഗോപിയുടെ മകൻ ആയതുകൊണ്ടാണ്. എന്നെ തേടി വരുന്ന ഒരു അവസരത്തെ ബഹുമാനിക്കണം എന്നുള്ളതുകൊണ്ടാണ് അഭിനയിച്ചത്.” മാധവ് സുരേഷ് കൂട്ടിച്ചേർത്തു.
പ്രവീൺ നാരായണൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി അഭിഭാഷകന്റെ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമാണ് ‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’. ജൂൺ 27നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.
















