ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ധനുഷും നാഗാര്‍ജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കുബേര റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കോവിഡ് സമയത്തതാണ് സിനിമയുടെ കഥ കേട്ടതെന്നും ആരാണ് ശേഖര്‍ കമ്മൂല എന്ന് തനിക്ക് അന്ന് അറിയില്ലായിരുന്നുവെന്നും ,മികച്ച സംവിധായകന്‍ ആണെന്ന് അഭിപ്രായം അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും ധനുഷ് പറഞ്ഞു. എന്നാല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോള്‍ പൊരി വെയിലത്ത് നടു റോഡില്‍ തന്നെ പിച്ച എടുപ്പിച്ചെന്നും നടന്‍ പറഞ്ഞു. സിനിമയുടെ പ്രമോഷന്‍ പരിപാടിയിലാണ് ധനുഷിന്റെ പ്രതികരണം.
നടന്റെ വാക്കുകള്‍ ഇങ്ങനെ….
‘കോവിഡ് സമയത്ത് ഗ്രേ മാന്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് എനിക്ക് ശേഖര്‍ സാര്‍ സിനിമയുടെ കഥ കേള്‍പ്പിക്കുന്നത്. ഒരു വിഡിയോ കോളില്‍ 20 മിനിറ്റില്‍ കഥ പറഞ്ഞു. എനിക്ക് വളരെ ഇഷ്ടമായി. ശെരി സാര്‍ ചെയ്യാം എന്ന് പറഞ്ഞതിന് ശേഷം രണ്ട് വര്‍ഷത്തേക്ക് അദ്ദേഹത്തെ പിന്നെ കണ്ടില്ല. ഞാന്‍ ചോദിക്കുമ്പോഴൊക്കെ സ്‌ക്രിപ്റ്റ് പുരോഗമിക്കുന്നു എന്നാണ് പറയുന്നത്, ഈ രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം എനിക്ക് കഥ കേള്‍പ്പിച്ചു എക്‌സ്ട്രാ ഓര്‍ഡിനറി, എനിക്ക് വളരെ ഇഷ്ടമായി. പക്ഷെ ഇതുപോലൊരു കഥ, വലിയ സിനിമ, വലിയ സ്‌കെയില്‍ ഇദ്ദേഹം ഹാന്‍ഡില്‍ ചെയ്യുമോ എന്ന് എനിക്ക് അറിയില്ല, കാരണം ഇതിന് മുന്നേ എനിക്ക് ഇദ്ദേഹത്തെ അറിയില്ല. ആരാണ് ശേഖര്‍ കമ്മുല എന്ന് അന്വേഷിച്ചപ്പോള്‍ ഇദ്ദേഹത്തെ കുറിച്ച് ഭയങ്കര ബില്‍ഡ് അപ്പാണ് എല്ലാവരും പങ്കുവെച്ചത്. നല്ല സൂപ്പര്‍ ഡയറക്ടര്‍ എന്ന് ഞാന്‍ അദ്ദേഹത്തെ വിശ്വസിച്ചു പോയപ്പോള്‍ തിരുപ്പതി അടിവാരത്തില്‍ നടു റോഡില്‍ പൊരി വെയിലത്ത് എന്നെ ഇരുത്തി അമ്മാ തായേ എന്ന് പറയിപ്പിച്ച് പിച്ച എടുക്കാന്‍ വിട്ടു ചിരിച്ചു കൊണ്ട് ധനുഷ് പറഞ്ഞു.
https://twitter.com/CinemaWithAB/status/1934991637178196247
ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും, ഏറ്റവും വലിയ ദരിദ്രനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്. ജൂണ്‍ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.
വമ്പന്‍ കാന്‍വാസില്‍ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അതീവ വൈകാരികമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ബോളിവുഡ് നടന്‍ ജിം സര്‍ഭ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ഛായാഗ്രഹണം നികേത് ബൊമ്മി, എഡിറ്റര്‍ കാര്‍ത്തിക ശ്രീനിവാസ് ആര്‍, സംഗീതം ദേവിശ്രീ പ്രസാദ്.