സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന പുതിയ ചിത്രത്തില്‍ 8 മണിക്കൂര്‍ ഷിഫ്റ്റടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവച്ചതിനെ തുടര്‍ന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യുക എന്നത് അസാധ്യമല്ലെന്ന് നടി ജനീലിയ ദേശ്മുഖ് പറഞ്ഞു. സൂം ചാനലില്‍ സംസാരിക്കവേയാണ് ഇതിനെ കുറിച്ച് ജനീലിയ വെളിപ്പെടുത്തിയത്.
’10 മണിക്കൂര്‍ ജോലി കഠിനമാണ്, പക്ഷേ അസാധ്യമല്ല. ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യാറുണ്ട്, ചില ദിവസങ്ങളില്‍ സംവിധായകന്‍ അത് 11 അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ നീട്ടാന്‍ ആവശ്യപ്പെടാറുണ്ട്. ഇത് ന്യായമാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ സമയം ലഭിക്കണം. ഒന്നോ രണ്ടോ ദിവസങ്ങളില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുമ്പോള്‍ അതൊരു ധാരണയുടെ ഭാഗമായി ചെയ്യേണ്ടിവരും’ – ജനീലിയ പറഞ്ഞു.
അതേസമയം, പ്രഭാസ് നായകനായി ഒരുങ്ങുന്ന സ്പിരിറ്റില്‍ 8 മണിക്കൂര്‍ ഷിഫ്റ്റിന് പുറമെ, 20 കോടി പ്രതിഫലവും സിനിമയുടെ ലാഭ വിഹിതവും ദീപിക പദുക്കോണ്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.