നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. ഇക്കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഷൈനിന്റെ പിതാവ് ചാക്കോ മരിക്കുകയും ചെയ്തു. പകടത്തിന് ശേഷം ഷൈനിനെ സന്ദർശിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് നടൻ റോണി ഡേവിഡ്.
തന്റെ പുതിയ ചിത്രമായ പ്രൊട്ടക്ടിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോളജ് വിദ്യാർഥികളോട് സംസാരിക്കുമ്പോഴായിരുന്നു റോണി അനുഭവം പങ്കുവച്ചത്. അപ്പൻ പോയെടോ എന്ന് ദുഃഖമടക്കി ഒരു ചെറുചിരിയോടെ ഷൈൻ പറഞ്ഞപ്പോൾ താനൊരു വല്ലാത്ത ഷോക്കിലായിപ്പോയി എന്ന് റോണി പറയുന്നു.
റോണിയുടെ വാക്കുകൾ…….
എന്റെ വളരെ അടുത്ത സുഹൃത്തും എനിക്ക് സഹോദരതുല്യനുമായ ഒരു വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. 2024 നവംബർ ആദ്യവാരം ഷൈൻ എന്നെ ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു, ‘എടോ എന്റെ പപ്പ ഹോട്ടലിൽ ഉണ്ട്, താനൊന്ന് വരണം’. ഞാൻ അങ്ങോട്ട് ചെല്ലുമ്പോൾ ഷൈന്റെ പപ്പയക്ക് വയ്യ, ചെറിയ ശ്വാസം മുട്ടുണ്ട്. എന്റെ അടുത്ത് പറഞ്ഞു എടോ ഞാനും കൂടി വരണോ?. ഷൈൻ ഒരു ഷൂട്ട് കഴിഞ്ഞു വന്നിരുന്നത് കൊണ്ട് ഞാൻ പറഞ്ഞു, ഷൈനെ നീ വരേണ്ടെന്ന്.
ഞാൻ ചാക്കോ അങ്കിളിനെ കൊണ്ടുപോയി ഒരു ഹോസ്പിറ്റൽ കാണിച്ച് പുള്ളിയെ തിരിച്ച് ആ ഹോട്ടലിൽ ആക്കി. ഹോട്ടലിൽ എത്തുന്നതിനു മുമ്പായി പാർക്കിങ്ങിൽ വച്ച് അങ്കിൾ ഇങ്ങനെ പല പല കാര്യങ്ങൾ പറയുന്നുണ്ട്. ഷൈനിനെ എങ്ങനെ ഈ വിഷമസന്ധിയിൽ നിന്ന് എങ്ങനെ പുറത്തുകൊണ്ടുവരാൻ അല്ലെങ്കിൽ എങ്ങനെ തിരിച്ച് ജീവിതത്തിലേക്കു കൊണ്ടുവരാം എന്നൊക്കെ പറഞ്ഞു.
ഒരു സുഹൃത്ത് എന്ന രീതിയിൽ എനിക്ക് അവന്റെ അടുത്ത് പറയുന്നതിന് ഒരു പരിമിതിയുണ്ടെന്ന് അന്ന് അങ്കിളിനോടു ഞാൻ പറഞ്ഞു. അപകടം നടന്നു കഴിഞ്ഞ് ഇവിടെ തൃശൂർ ആശുപത്രിയിലെത്തിയപ്പോൾ ഞാൻ ഷൈനിനെ കാണാൻ പോയി. ഷൈനിന്റെ ഇടതു കയ്യിലെ എല്ലിന്റെ കീഴ്ഭാഗം ഒടിഞ്ഞിരിക്കുകയാണ്. പുള്ളി കടുത്ത വേദനയിലാണ്. ആദ്യം ഷൈൻ കുറച്ചു നേരം സംസാരിച്ചപ്പോൾ എനിക്ക് തോന്നി, അങ്കിൾ പോയ കാര്യം ഷൈൻ അറിഞ്ഞില്ല എന്ന്. പക്ഷേ ഷൈൻ എന്നോട് പറഞ്ഞു, കണ്ണ് തുറക്കുമ്പോഴേക്കും അപ്പന്റെ കാതിൽ ചോരയായിരുന്നു, ഇത് ഞാൻ കണ്ടു എന്ന്.
അതുകഴിഞ്ഞ് ഷൈൻ എന്റെ അടുത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു, ‘എന്റെ പുറകെ നടന്നു നടന്ന് അപ്പൻ പോയെടോ’ എന്ന്. ഇതിൽ കൂടുതൽ ഒരു മെസേജോ ഒരു കഥയോ നിങ്ങളോട് പറയാനില്ല. നിങ്ങളുടെ എല്ലാ കാര്യത്തിനും നിങ്ങളുടെ മാതാപിതാക്കൾ ഉണ്ടാകും, അവരെക്കുറിച്ച് ഇടയ്ക്ക് ഓർത്താൽ മതി. അവരുടെ ആ ഓർമ തന്നെ ധാരാളമാണ്. ഷൈൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്… ഒട്ടും ഇമോഷൻ ഇല്ലാതെ അപ്പൻ പോയെടോ എന്ന് പറഞ്ഞത് കേട്ടപ്പോൾ ഞാൻ കുറച്ചു നേരം വല്ലാത്തൊരു ഷോക്കിലായിരുന്നു.
കണ്ണു നിറഞ്ഞുകൊണ്ട് ഞാൻ അവിടുന്ന് ഇറങ്ങി. അടുത്ത റൂമിൽ ഷൈന്റെ മമ്മ കിടക്കുന്നുണ്ടായിരുന്നു, മമ്മയെ കണ്ടു. മമ്മയ്ക്ക് ഹിപ്പിന് ചെറിയൊരു പൊട്ടൽ അതുപോലെതന്നെ ഡിസ്കിന്റെ പ്രൊലാപ്സ് ഉണ്ട്, മമ്മയുടെ ഹിപ്പ് ഡിസ്‌ലൊക്കേറ്റ് ആയി, അതിനി കുറച്ചു നാൾ എടുക്കും ശരിയാവാൻ. ജീവിതത്തിൽ എല്ലാവർക്കും ഒരുപാട് സമയം ഉണ്ടാകില്ല. പക്ഷേ മാതാപിതാക്കൾ ഓടുന്നത് നമുക്ക് വേണ്ടിയാണ് എന്നൊരു ചിന്ത വേണം. ഇതാണ് ഇന്നിവിടെ എനിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ മെസേജ്.
content highlight: Rony David