ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷനിലെത്തിയ ചിത്രമായിരുന്നു മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമായിരുന്നു തിയേറ്ററിലും ഒടിടിയിലും ലഭിച്ചത്.
സിനിമയില്‍ ലിജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാന്‍ ശൗക്കത്ത് എന്ന യുവനടന് ഒരുപാട് ട്രോളുകള്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ ക്ലൈമാക്സ് പോര്‍ഷനില്‍ ഇഷാന്‍ ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. ഇതിനെതിരെയാണ് ട്രോളുകള്‍ ലഭിച്ചത്. ഇപ്പോഴിതാ സിനിമയ്ക്ക് നേരെ വന്ന വിമര്‍ശനത്തിന് മറുപടി നല്‍കിയിരിക്കുകയാണ് പ്രൊഡ്യൂസറും നടനുമായ വിജയ് ബാബു. ‘അണ്‍പോപ്പുലര്‍ ഒപീനിയന്‍സ് മലയാളം’ എന്ന ഗ്രൂപ്പിലാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതിനും വിജയ് ബാബു മറുപടി നല്‍കിയിട്ടുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം
‘ഈ പേജ് ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്. പടക്കളത്തെ കുറിച്ചുള്ള ഒരുപാട് കമന്റുകള്‍ ഞാന്‍ കണ്ട. സിനിമയെ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി. പോസീറ്റിവിനെയും നെഗറ്റീവിനെയും അതുപോലെയെടുക്കുന്നു. എന്നാല്‍ ചില കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്തത് മോശമാണെന്നും അവരെ കളിയാക്കുന്നതിലും എനിക്ക് എതിര്‍പ്പുണ്ട്. അവരെ കാസ്റ്റ് ചെയ്യുന്നതിലെ പിന്നിലെ ചിന്തകള്‍ മനസിലാക്കാതെയാണ് ഇത്.
‘ഇഷാന്‍ ഷൗക്കത്തിനെ ടാര്‍ഗറ്റ് ചെയ്യുന്ന കുറച്ച് പോസ്റ്റുകള്‍ കാണിനിടയായി. ഒരുപാട് കഴിവുകളുള്ള ഒരു ചെറുപ്പക്കാരനാണ് അവന്‍, ആ കഥാപാത്രത്തിലേക്ക് അവനെ തിരഞ്ഞെടുത്തത് പല കാരണങ്ങളാലാണ്. അവന്‍ പരിശീലനം ലഭിച്ച ഒരു ഡാന്‍സറാണ്, പക്ഷേ ക്ലാസിക്കല്‍ നര്‍ത്തകനല്ല. ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ചതിനുശേഷം സംഗീതത്തിനനുസരിച്ച് അവസാന നിമിഷം ചില മാറ്റങ്ങള്‍ ഉണ്ടായിരുന്നു, രണ്ട് ദിവസത്തിനുള്ളില്‍ ക്ലാസിക്കല്‍ സ്റ്റെപ്പുകള്‍ പരിശീലിക്കാന്‍ ഇഷാന്‍ സമ്മതിച്ചു’.
‘അത് അവനെ ബാധിക്കുമെന്ന് കരുതി വേണമെങ്കില്‍ എളുപ്പത്തില്‍ എതിര്‍ക്കാന്‍ കഴിയും. എന്നാല്‍ അതൊരു കോളേജ് പരിപാടിയാണെന്നും പെര്‍ഫെക്ട് ആകണമെന്നില്ല എന്നും ഞങ്ങള്‍ക്ക് തോന്നി. നല്ല വിമര്‍ശനങ്ങളെയെല്ലാം തന്നെ സ്വീകരിക്കുന്നു, അഭിനന്ദിക്കുന്നു എന്നാല്‍ യുവ നടന്‍മാരെ ടാര്‍ഗറ്റ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം അത് അവരുടെ മനോവീര്യത്തെ ബാധിക്കും. എല്ലാവര്‍ക്കും നന്ദി.’
അതേസമയം സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിജയ് ബാബുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാവില്ല. പക്ഷെ കഥാപാത്രങ്ങള്‍ ഫ്രൈഡേ യൂണിവേഴ്‌സിന്റെ ഭാഗമാണ്. അവര്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാം’.
കഴിഞ്ഞ ദിവസമാണ് പടക്കളം ഒടിടിയില്‍ റിലീസ് ചെയ്തത്. തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് ഒടിടിയിലും നല്ല പിന്തുണയാണ് ലഭിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
















