അടുത്ത ദിവസങ്ങളിലായി നിരവധി കൗമാരക്കാരാണ് നാടുവിട്ട് പോകുന്നത്. നാടുവിട്ടവരെ കണ്ടെത്താന്‍ കഴിയുന്നു എന്നതാണ് വലിയ ആശ്വാസം. ഒരാവേശത്തിന് ഇറങ്ങി പുറപ്പെടുമെങ്കിലം വീണ്ടുവിചാരം ഉണ്ടാകുമ്പോള്‍ തിരിച്ചു വരാനാകാത്ത വിധം ദൂരസ്ഥലങ്ങളില്‍ എത്തിപ്പെട്ടു പോയിരിക്കും. പലവിധ കാരണങ്ങളാണ് ഒളിപ്പോടാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു കോളേജ് വിദ്യാര്‍ത്ഥിനിയുടെ ഒളിച്ചോട്ടവും തിരിച്ചു വരലുമൊക്കെ KSRTCയില്‍ വലിയ ചര്‍ച്ചയായിരുന്നു. മാധ്യമങ്ങള്‍ അധികമായി ‘കവര്‍’ (വാര്‍ത്ത) ചെയ്തില്ലെങ്കിലും, നിരാലംബരായി ജീവിതത്തിനും മരണത്തിനുമിടയില്‍ നില്‍ക്കുന്ന മനുഷ്യരെ സംരക്ഷിക്കാന്‍ KSRTC ജീവനക്കാര്‍ എന്നും ‘കവര്‍’ (പൊതിഞ്ഞു) ചെയ്തു നില്‍ക്കും.
ഇതൊരു വിശ്വാസമാണ്. മലയാളിയും മലയാളിയുടെ സ്വന്തം ആവണ്ടിയെന്ന വിളിപ്പേരുള്ള KSRTCയുടെ തമ്മിലുള്ള തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം. അതാണ് കഴിഞ്ഞ ദിവസവും ഉട്ടി ഉറപ്പിക്കപ്പെട്ടത്. സംഭവം നടക്കുന്നത്, കഴിഞ്ഞ 11 നാണ്. ഉച്ചക്കുള്ള രണ്ട് മണിയുടെ തിരുവനന്തപുരം-തെങ്കാശി ഫാസ്റ്റ്പാസഞ്ചര്‍ ട്രാക്കില്‍ പിടിക്കുന്നു. ബസിന്റെ ഡ്രൈവര്‍ എച്ച്. അനില്‍കുമാര്‍. കണ്ടക്ടര്‍ സജി മോസസ്. ബസ് എടുക്കാന്‍ നേരമായപ്പോള്‍ റിസര്‍വേഷന്‍ സീറ്റില്‍ ഒരു യുവതി ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. റിസര്‍വേഷന്‍ സീറ്റില്‍ നിന്നും മാറിയിരിക്കാന്‍ വിദ്യാര്‍തിയോട് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എവിടയാണ് ഇറങ്ങേണ്ടതെന്നും തിരക്കി.
തെങ്കാശിയിലേക്ക് പോകാന്‍ ആണെന്ന് വിദ്യാര്‍ഥിനി പറഞ്ഞപ്പോള്‍ ദീര്‍ഘദൂരം യാത്രചെയ്യാന്‍ അനുയോജ്യമായ സീറ്റ് റിസര്‍വ് ചെയ്ത് കൊടുത്തു. തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും ബസ് തെങ്കാശിയിലേക്കു പുറപ്പെട്ടു. നെടുമങ്ങാടും, കുളത്തുപ്പുഴയും, ആര്യന്‍കാവും കടന്ന് ബസ് ഏകദേശം 5.30 ഓടെ തെങ്കാശിയില്‍ എത്തി. ബസ്റ്റാന്റില്‍ യാത്രക്കാരെല്ലാം ഇറങ്ങി. കൂട്ടത്തില്‍ ആ യുവതിയും. തെങ്കാശിയില്‍ എത്തിയാല്‍ കണ്ടക്ടറും ഡ്രൈവര്‍ക്കും ഒരു മണിക്കൂര്‍ വിശ്രമമാണ്. ചായകുടിയും മുഖം കഴുകലും നടുവ് നിവര്‍ക്കുലമൊക്കെയായി വിശ്രമം. തുടര്‍ന്ന് 6.30ന് തിരികെ അനന്തപദ്മനാഭന്റെ മണ്ണിലേക്കുള്ള മടക്കമാണ്.
ഡ്രൈവര്‍ ബസിന്റെ കണ്ടീഷനെല്ലാം പരിശോധിച്ചു. മലയോര പ്രദേശത്തു കൂടിയുള്ള യാത്രയാണ്. എല്ലാം പക്കാ ആയിരിക്കണമല്ലോ. കൊടും വളവുകളും തിരിവുകളും പതിമൂന്ന് കയറ്റിറക്കങ്ങളും കാടും മേടുമൊക്കെയുള്ള റൂട്ടാണ് തെങ്കാശി. 6.20 ഓടെ തിരികെ പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി ബസ് ജീവനക്കാര്‍ തയ്യാറായി. ഇതിനിടയില്‍ തെങ്കാശി സ്റ്റാന്‍ഡില്‍ കണ്ണോടിച്ച ഡ്രൈവര്‍ അനില്‍കുമാറിന്റെ കണ്ണില്‍ ആ കാഴ്ച ഉടക്കി. ആദ്യ ട്രിപ്പില്‍ ബസില്‍ ഉണ്ടായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി എങ്ങോട്ടും പോകാതെ തെങ്കാശി ബസ്സ്റ്റാന്‍ഡില്‍ അലഞ്ഞു നടക്കുന്നു. നേരം പതിയെ ഇരുട്ടു വീണുകൊണ്ടിരിക്കുകയാണ്.
അവരെ ആ സമയത്തും അവിടെ കണ്ടതില്‍ സംശയം തോന്നി. എങ്ങോട്ടും പോകാനില്ലാത്ത ഒരാളെപ്പോലെ തോന്നിച്ചു. തെങ്കാശി പോലെയൊരു സ്ഥലമായതിനാലും രാത്രിയായാല്‍ എന്തൊക്കെയാണ് അവിടെ സംഭഴിക്കുന്നതെന്നും കൃത്യവും വ്യക്തവുമായി അറിയാവുന്നവരാണ് KSRTC ജീവനക്കാര്‍. അതുകൊണ്ടു തന്നെ ആ കുട്ടിക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണ് എന്ന് നല്ല ബോധ്യമുണ്ട്. സ്വന്തം വീട്ടില്‍ നിന്നിറങ്ങിപ്പോയ കുട്ടിയെ കണ്ടതു പോലെ KSRTC ജീവനക്കാര്‍ ബസില്‍ നിന്നും ഇറങ്ങി അവരുടെ അടുത്തെത്തി. കാര്യം തിരക്കി. തെങ്കാശിയില്‍ വന്നത് എന്തിനെന്നും, എങ്ങോട്ട് പോകാനാണെന്നും ചോദിച്ചു.
ആദ്യമൊക്കെ യുവതി പറഞ്ഞത് താന്‍ തെങ്കാശി കാണാന്‍ വന്നതാണെന്നും മറ്റൊന്നുമില്ല എന്നുമാണ്. കുട്ടിയുടെ ഒഴുക്കന്‍ മറുപടി കേട്ടിട്ട്, തിരിച്ചു പോകാന്‍ തോന്നാത്തതു കൊണ്ട് ജീവനക്കാര്‍ വീണ്ടും ചോദ്യങ്ങള്‍ തുടര്‍ന്നു. പക്ഷെ, സന്ധ്യകഴിഞ്ഞ് തെങ്കാശിയില്‍ കാണാന്‍ എന്താണുള്ളത്. അഥവാ കാണാന്‍ വന്നതാണെങ്കില്‍ ബസ്റ്റാന്‍രു വിട്ട് മറ്റെവിടെയും പോയില്ലല്ലോ ഇത്രയും നേരമായിട്ട് എന്ന ചോദ്യം കൂടെ വന്നതോടെ അവളുടെ കണ്ണുകള്‍ നിറഞ്ഞു. ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. അതോടെ ഒരു കാര്യം ഉറപ്പിച്ചു. എന്തോ പന്തികേടുണ്ട്. രണ്ടിലൊന്നറിഞ്ഞിട്ടേയുള്ളൂ ബാക്കിയെന്നായി ജീവനക്കാര്‍.
അപ്പോഴേക്കും അവള്‍ പറഞ്ഞു തുടങ്ങി. ‘ഞാന്‍ പേടി കാരണം നാട് വിട്ട് വന്നതാണ്. എനിക്ക് ഇന്ന് എക്‌സാം ആയിരുന്നു നല്ല പാട് ആയിരുന്നു, പരീക്ഷയില്‍ തോല്‍ക്കുമെന്ന പേടികാരണം തെങ്കാശി ബസ് കണ്ടപ്പോള്‍ കയറിയതാണ്’. കുട്ടിയുടെ മറ്റു വിവരങ്ങള്‍ അന്വേഷിച്ചുറപ്പിച്ച്. വീട് വിതുരയില്‍ ആണെന്നും കുട്ടിയുടെ പേരും പറഞ്ഞു. വിതുര ഡിപ്പോയിലെ ഡ്രൈവറാണ് എച്ച്. അനില്‍ കുമാര്‍. പിന്നെ കൂടുതല്‍ കാര്യങ്ങള്‍ തിരക്കാന്‍ ധൈര്യമായി. വിശദമായി തിരക്കിയപ്പോള്‍ വീട് വിതുര മീനാങ്കല്‍ ആണെന്ന് അറിഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ വിട്ടുകാരുടെ നമ്പര്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ആദ്യമൊക്കെ കൊടുക്കാന്‍ മനസ്സുകാണിച്ചില്ല. പിന്നീട് പോലീസില്‍ അറിയിക്കും എന്ന് പറഞ്ഞപ്പോള്‍ വിട്ടുകാരുടെ നമ്പര്‍ യുവതി കൊടുത്തു.
വിദ്യാര്‍ത്ഥിനിയുടെ അച്ഛനെ ഫോണില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ കുട്ടിയുടെ കാര്യങ്ങള്‍ എല്ലാം അവരോട് പറഞ്ഞു. തിരികെയുള്ള ട്രിപ്പില്‍ അവള്‍ കാണും എന്നും ‘നന്ദിയോട്’ എന്ന സ്ഥലത്തു വന്ന് (തെങ്കാശിയില്‍ നിന്നും തിരുവനന്തപുരത്തേക്കു വരുന്ന ബസ് നന്ദിയോടു വഴിയാണ് വരുന്നത്) വന്നു കുട്ടിയെ കുട്ടികൊണ്ട് പോകാനും ആവശ്യപ്പെട്ടു. തിരികെയുള്ള തെങ്കാശി-തിരുവനന്തപുരം ട്രിപ്പില്‍ ജീവനക്കാര്‍ അവളെയും കൂടെകൂട്ടി പുറപ്പെട്ടു. വഴിയില്‍ നിര്‍ത്തി ആഹാരം കഴിക്കാന്‍ വിളിച്ചച്ചെങ്കിലും കുട്ടി ഇറങ്ങിയില്ല. പക്ഷെ, ജീവനക്കാര്‍ വിട്ടില്ല, ഡ്രൈവറുടെ കൈവശം ഉണ്ടായിരുന്ന ആപ്പിളും, ഇന്തപ്പഴവും കുട്ടിക്ക് കഴിക്കാന്‍ കൊടുത്തു.
രാത്രി ഏകദേശം 9.30 ഓടുകൂടി ബസ് നന്ദിയോട് എത്തി. കുട്ടിയെ കൂടെ കൂട്ടാന്‍ അവളുടെ അച്ഛനും, അമ്മയും ഒരു ഓട്ടോയും അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ബസില്‍ നിന്നും ഇറങ്ങിയ കുട്ടിയെ സുരക്ഷിതമായ് അവളുടെ അച്ഛന്റെ കൈയില്‍ ഏല്‍പ്പിച്ചു. കുട്ടിയെ വഴക്കൊന്നും പറയരുതെന്ന നല്ല ബുദ്ധിയും ജീവനക്കാര്‍ കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞു. തിരികെ ബസില്‍ കയറി ഡബിള്‍ ബെല്ലടിക്കുമ്പോള്‍ കുട്ടിയെയും കൂട്ടി ആ ഓട്ടോറിക്ഷ എതിര്‍ വശത്തു കൂടി ഇരുട്ടിലേക്കു പോയ് മറഞ്ഞു. ഒരു ആ വേശത്തിനു തോന്നിയ അബദ്ധം എന്തെല്ലാം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമായിരുന്നു. ഒരുപക്ഷെ, ആ കുട്ടിയുടെ ജീവനു തന്നെ ഭീഷണിയാകുമായിരുന്നു.
KSRTC ജീവനക്കാര്‍ അങ്ങനെയാണ്. ജീവിതത്തിന്റെ പകുതി ഭാഗവും ബസില്‍ കഴിയുന്ന അവര്‍ക്ക് അനാഥരെ കണ്ടാലും നിരാലംബരെ കണ്ടാലും വേഗത്തില്‍ തിരിച്ചറിയാനുള്ള കഴിവുണ്ട്. കാരണം, കേരളത്തിന്റെ റോഡെന്ന ഞരമ്പുകളിലൂടെ രക്തപ്രവാഹം പോലെ എപ്പോഴും സഞ്ചരിക്കുകയല്ലേ ഈ ചുവന്ന വണ്ടിയില്‍. അതില്‍ കയറുന്നവരുടെ സ്ഥലങ്ങള്‍ മാത്രമല്ല, ജീവനും സ്വത്തും സംരക്ഷിക്കുക കൂടി ചെയ്യുന്നുണ്ട് KSRTC. കണ്ടക്ടര്‍ സജി മോസസിന്റെയും ഡ്രൈവര്‍ എച്ച്. അനില്‍കുമാറിന്റെയും സമയോചിതമായ ഇടപെടല്‍ ഇതിന്റെ ഭാഗമാണ്. നിങ്ങള്‍ക്ക് ടിക്കറ്റ് കീറി തരുമ്പോള്‍ അതിലൂടെ ഉറപ്പിക്കുന്നത് വിശ്വാസം എന്ന വലിയ ഉത്തരവാദിത്വം കൂടിയാണ്. നന്ദി KSRTC.
CONTENT HIGH LIGHTS; Even if you leave the country, you will still have the elephant cart and people with you: KSRTC employees helped a college student who left the country due to exam anxiety; Thank you KSRTC (Special Story)