ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. രജനികാന്ത് നായകനായി എത്തുന്ന ഈ ചിത്രം ഓഗസ്റ്റ് 14നാണ് തീയറ്ററില്‍ എത്തുന്നത്. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അതേ സമയം ജൂണ്‍ 20ന് ഇറങ്ങുന്ന കുബേര എന്ന ചിത്രത്തില്‍ ധനുഷിനൊപ്പം പ്രധാന വേഷം നാഗാര്‍ജുന ചെയ്യുന്നുണ്ട്. ഇതിന്റെ പ്രമോഷന്‍ പരിപാടിയിലാണ് തന്റെ കൂലിയിലെ വേഷം സംബന്ധിച്ച് നാഗാര്‍ജുനയുടെ വെളിപ്പെടുത്തല്‍.
നാഗാര്‍ജുന പരഞ്ഞത്…..
‘വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. കുബേരയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വേഷമായിരിക്കും ഇത്. എന്നെ തന്നെ അവിശ്വസനീയമായ രീതിയിലാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ ലോകേഷിന് വളരെയധികം നന്ദി. ഞാന്‍ ചിത്രത്തിലെ എന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍, ഞാന്‍ ശരിക്കും ചിന്തിച്ചു ‘അത് ശരിക്കും ഞാന്‍ തന്നെയാണോ എന്ന്?. വിസില്‍ മുഴങ്ങുന്ന ഏറെ സീനുകള്‍ നിറഞ്ഞ ഒരു സിനിമയാണിത്. രജനി സാറിനെ കൂടാതെ, കന്നഡയില്‍ നിന്ന് ഉപേന്ദ്രയും ഹിന്ദി സിനിമയില്‍ നിന്ന് ആമിര്‍ ഖാനും, പിന്നെ തെലുങ്കില്‍ നിന്നും ഞാനും ഉണ്ട് – ഓരോ കഥാപാത്രത്തിനും പ്രധാന്യവും തിളങ്ങാനുള്ള സംഭവവും ഉണ്ട്. അതാണ് കൂലിയുടെ കരുത്തും, വിജയത്തിലേക്കുള്ള തുറുപ്പുചീട്ടും എന്നാണ് ഞാന്‍ കരുതുന്നത്’.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍ , റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍ ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.