വയറിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിച്ച് കൊണ്ടുവേണം ഒരു ദിനം ആരംഭിക്കാൻ.ആരോഗ്യ വിദഗ്ധർ പറയുന്നത് കട്ടിയുള്ളതും കൊഴുപ്പുള്ളതുമായ പ്രഭാതഭക്ഷണം കഴിക്കുന്നത് ദഹനക്കേട്, വയറു വീർക്കൽ, മന്ദത എന്നിവക്ക് കാരണമാകും എന്നാണ്.
നിങ്ങളുടെ പ്രഭാതം ശരിയായി ആരംഭിക്കുകയാണെങ്കിൽ ആ ദിനം മുഴുവൻ നല്ലതാക്കാം. ആദ്യം വയറിനെ വരുതിയിലാക്കലാണ് അതിനേറ്റവും നല്ലത്. ഉന്മേഷവും ഊർജ്ജസ്വലതയും നിലനിർത്താൻ ഭാരം കുറഞ്ഞതും ആശ്വാസ ദായകവുമായ ഭക്ഷണം തെരഞ്ഞെടുക്കാൻ അവർ നിർദേശിക്കുന്നു. അങ്ങനെയുള്ള ചില ഭക്ഷണ പാനീയങ്ങൾ പരിചയപ്പെടുത്താം.
കാർബണേറ്റഡ് പാനീയങ്ങൾ വാങ്ങി കുടിക്കുന്നതിനേക്കാൾ വീട്ടിൽ തന്നെ സ്മൂത്തി ഉണ്ടാക്കുന്നതാണ് നല്ലത്. തേങ്ങാവെള്ള സ്മൂത്തിയെക്കാൾ ഉന്മേഷദായകമായി മറ്റൊന്നുമില്ല. ജലാംശം നൽകുന്നതും തണുപ്പിക്കുന്നതുമായ സ്മൂത്തിക്കായി പുതിയ തേങ്ങാവെള്ളം വാഴപ്പഴം, പുതിനയില, കുറച്ച് ഐസ് ക്യൂബുകൾ എന്നിവയുമായി കലർത്തുക. തേങ്ങാവെള്ളം ഇലക്ട്രോലൈറ്റുകളാൽ നിറഞ്ഞതാണ്. വാഴപ്പഴം നാരുകളുടെയും പ്രകൃതിദത്ത മധുരത്തിന്റെയും ഉറവിടവുമാവുന്നു.
നിങ്ങൾ ഭക്ഷണത്തിൽ രുചിക്ക് പ്രാധാന്യം നൽുകന്ന ആളാണെങ്കിൽ പഴങ്ങൾക്കൊപ്പം ചിയ വിത്തുകൾ ചേർക്കുന്നത് തീർച്ചയായും ഇഷ്ടപ്പെടും. ഇത് സൗകര്യപ്രദമാണെന്ന് മാത്രമല്ല. നിരവധി ഗുണങ്ങളുമുണ്ട്. തേങ്ങാപ്പാലിൽ ബദാം അല്ലെങ്കിൽ ചിയ വിത്തുകൾ ഒരു രാത്രി മുഴുവൻ കുതിർത്ത് വെക്കാനും കിവി, പപ്പായ തുടങ്ങിയ സീസണൽ പഴങ്ങൾ ചേർക്കാനും പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്നു. അവരുടെ അഭിപ്രായത്തിൽ ചിയ വിത്തുകൾ തണുപ്പിക്കൽ ഗുണത്തിന് പേരുകേട്ടവയാണ്. ദഹനവ്യവസ്ഥയെ സുഗമമാക്കുന്നു. നിങ്ങളുടെ ദിവസത്തിന് തൃപ്തികരവും അനായാസവുമായ തുടക്കം നൽകുന്നു.
വേനൽക്കാലത്ത് ഓട്സ് വെള്ളത്തിൽ വേവിച്ച ശേഷം തണുത്ത മോരിൽ കലർത്തുക. രുചിക്കായി ഒരു നുള്ള് ഉപ്പ് അല്ലെങ്കിൽ വറുത്ത ജീരകം ചേർക്കുക. ഓട്സ് നേർത്തതും നാരുകളുള്ളതുമായ ഭക്ഷണമാണ്. അതേസമയം, മോര് വയറിനെ ശമിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും.
വെള്ളരിക്ക റൈത്ത കഴിക്കുന്നത് പരിഗണിക്കൂ. നന്നായി അരിഞ്ഞ വെള്ളരിക്ക പ്ലെയിൻ തൈരിൽ കലർത്തി അൽപം ഉപ്പും ജീരകപ്പൊടിയും വിതറുക. തൈര് കുടലിന്റെ ആരോഗ്യത്തെ പിന്തുണക്കുന്ന ഒരു പ്രോബയോട്ടിക് പവർഹൗസാണ്. കൂടാതെ വെള്ളരിക്ക വയറിനെ അധികമായ തണുപ്പിക്കുകയും ചെയ്യുന്നു.
പുതിയ കറ്റാർ വാഴ ജെൽ അല്പം വെള്ളത്തിലും ഒരു ടീസ്പൂൺ തേനിലും കലർത്തി കഴിക്കാൻ ആരോഗ്യ വിദഗ്ധർ ശിപാർശ ചെയ്യുന്നു. ഇത് ഒഴിഞ്ഞ വയറിലോ ലഘുവായ പ്രഭാതഭക്ഷണത്തോടൊപ്പമോ കഴിക്കണം.
മൃദുവായ ഇഡ്ഡലി പുതിയ തേങ്ങാ ചട്ണിയുമായി ചേർത്താൽ ലഘുവും തണുപ്പും നൽകുന്നതുമായ ഒരു പ്രഭാതഭക്ഷണമാവും. പുളിപ്പിച്ച ഇഡ്ഡലി ദഹനത്തെ സഹായിക്കുന്നു. തേങ്ങാ ആന്തരികമായ ചൂടും വീക്കവും കുറക്കാൻ സഹായിക്കുന്നു.
പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ഗുണങ്ങൾ നൽകും. ഒരു പപ്പായ സാലഡ് ഉണ്ടാക്കുക. പഴുത്ത പപ്പായ ചതുരക്കഷണങ്ങളാക്കി മുറിച്ച് മുകളിൽ ഒരു പിഴിഞ്ഞ നാരങ്ങാനീര് ഒഴിക്കുക. പപ്പായയിൽ പപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് വയറിനെ ശമിപ്പിക്കുന്നു. ചൂടുള്ള ദിവസങ്ങളിൽ ഒരു തികഞ്ഞ പ്രഭാത ഭക്ഷണ ചേരുവയാണിത്.