തിരുവനന്തപുരം കൊമ്പന്‍സ് ഫുട്‌ബോള്‍ ക്ലബ്ബ്, ബ്രസീലിലെ ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ ബോട്ടഫോഗോയുമായി കൈകോര്‍ക്കുന്നു. അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പില്‍ സിയാറ്റില്‍ സൗണ്ടേഴ്‌സിനെതിരെ 2-1ന് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിലാണ്, കൊമ്പന്‍സ്, ബോട്ടഫോഗോയുമായി കരാര്‍ ഒപ്പിടുന്നത്. കേരളത്തിലെ, പ്രത്യേകിച്ച് തലസ്ഥാന ജില്ലയിലെ ഫുട്‌ബോള്‍ വികസനത്തിന് കുതിപ്പേകുന്ന വമ്പന്‍ പദ്ധതികളാണ് ഇരു ടീമുകളും സംയുക്തമായി ആസൂത്രണം ചെയ്യുന്നത്. 2024ല്‍ ബ്രസീലിയന്‍ ചാമ്പ്യന്മാരായ ശേഷം, പ്രശസ്തമായഈഗിള്‍ ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ ഭാഗമായ ബോട്ടഫോഗോ, തങ്ങളുടെ ശക്തമായ പ്രകടനത്തിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന സീസണ്‍ ആണിത്. ഓണ്‍ലൈനായി നടപ്പിലാക്കിയ പങ്കാളിത്തത്തിലൂടെ ഒരു സഹോദര ക്ലബ്ബ് ധാരണാപത്രത്തിലാണ് ഇരു ടീമുകളും ഒപ്പുവെച്ചിരിക്കുന്നത്.
കേരളത്തിലെ ഫുട്‌ബോള്‍ രംഗത്ത്,പ്രഥമ സൂപ്പര്‍ ലീഗ് കേരളയില്‍ എല്ലാ വിദേശ താരങ്ങളെയും ബ്രസീലില്‍ നിന്നും എത്തിച്ച് ശ്രദ്ധേയമായ തന്ത്രം മെനഞ്ഞ് സെമിഫൈനല്‍ വരെയെത്തി മികച്ച പ്രകടനം കാഴ്ചവെച്ച, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയും ബോട്ടഫോഗോയുമായുള്ള സഹകരണം,കൊമ്പന്‍സിനെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്. കൊമ്പന്‍സ് എഫ്‌സിയുടെ, അതിവേഗം വളരുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത ഫുട്‌ബോള്‍ പരിശീലന പരിപാടികള്‍ക്ക്,ഒരു സ്ഥാപനപരമായ പിന്തുണയോടെ, ബ്രസീലിയന്‍ ഫുട്‌ബോളിന്റെലോകപ്രശസ്തമായ കളിമികവും വിദഗ്ധ പരിശീലനരീതികളുംപകര്‍ന്നു നല്‍കുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ, ഈ സഖ്യംഈഗിള്‍ ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ മള്‍ട്ടിക്ലബ് ശൃംഖലയിലേക്കുള്ള പ്രവേശനംതുറന്നുകാട്ടുന്നു, ഇതില്‍ ഒളിമ്പിക് ലിയോണൈസ് (ഫ്രാന്‍സ്), ക്രിസ്റ്റല്‍ പാലസ് (ഇംഗ്ലണ്ട്), ആര്‍ഡബ്ല്യുഡി മോളന്‍ബീക്ക് (ബെല്‍ജിയം) എന്നിവ ഉള്‍പ്പെടുന്നു. ഫുട്‌ബോളിന് അതിശക്തമായ വേരുകളുള്ള ബ്രസീലില്‍ നിന്നുള്ള ബോട്ടഫോഗോയുമായുള്ള സഹകരണം,കൊമ്പന്‍സ് എഫ്‌സിയുടെ ഫുട്‌ബോള്‍ പദ്ധതികള്‍ക്ക് കരുത്തേകുമെന്നുംതിരുവനന്തപുരത്തെ തീരദേശ മേഖലയിലെ ശക്തമായ ഫുട്‌ബോള്‍ അടിത്തറ പ്രയോജനപ്പെടുത്തുമെന്നുംപ്രതീക്ഷിക്കുന്നു. ഇരു ക്ലബ്ബുകളിലെയും മാനേജ്‌മെന്റുകള്‍ പങ്കെടുത്ത വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, ഈ ആഴ്ച ആദ്യം നടന്ന ഓണ്‍ലൈന്‍ ഒപ്പുവെക്കല്‍ ചടങ്ങിലൂടെയാണ് ഈ പങ്കാളിത്തത്തിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചത്.
‘കൊമ്പന്‍സ് എഫ്‌സിയുമായി ഈ പങ്കാളിത്തം ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,’ ബോട്ടഫോഗോ സിഇഒ തൈറോ അറൂഡ പറഞ്ഞു. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷമാണ്. ഇത് വെറും ഫുട്‌ബോള്‍ മാത്രമല്ല; ഇന്ത്യ പോലുള്ള പുതിയ ദേശങ്ങളില്‍ ഫുട്‌ബോള്‍ വളര്‍ത്തുന്നതിനും സാംസ്‌കാരിക ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു ശ്രമമാണിത്. കേരളത്തിന് ഒരു യഥാര്‍ത്ഥ ഫുട്‌ബോള്‍ കേന്ദ്രമായി മാറാനുള്ള കഴിവുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’ അറൂഡ കൂട്ടിച്ചേര്‍ത്തു.
‘ബോട്ടഫോഗോയുമായുള്ള ഈ പങ്കാളിത്തം,കേരളത്തിലെ യുവതീയുവാക്കള്‍ക്ക് ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ അനുഭവം നല്‍കുക എന്ന ഞങ്ങളുടെ ദൗത്യം നിറവേറ്റുന്നതിലുള്ള ഒരു പ്രധാന നാഴികക്കല്ലാണ്,’ കൊമ്പന്‍സ് എഫ്‌സി മാനേജിംഗ് ഡയറക്ടര്‍ കെ.സി. ചന്ദ്രഹാസന്‍ പറഞ്ഞു. ‘ബോട്ടഫോഗോയുടെ ഫിഫ ക്ലബ്ബ് ലോകകപ്പ് പ്രചാരണവുമായി ഇതിനെ ബന്ധിപ്പിക്കുന്നത്, കൊമ്പന്‍സിലൂടെ അടിസ്ഥാനതല ഫുട്‌ബോള്‍ വികസനം ത്വരിതപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ സമയത്താണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.