ദിയയുടെയും അശ്വിന്റെയും കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് കൃഷ്ണാസ് ഫാമിലി. കുടുബത്തിലെ ആദ്യത്തെ കണ്മണി ആയതുകൊണ്ടുതന്നെ ദിയയെ പൊന്നുപോലെയാണ് കുടുംബം നോക്കുന്നത്. ഇപ്പോഴിതാ ദിയയുടെ നിറവയറിൽ തലോടി കുഞ്ഞിനോട് വിശേഷങ്ങൾ പറയുന്ന കൃഷ്ണകുമാറും അഹാനയും ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
ജൂലൈ മാസത്തോടെ കുഞ്ഞ് പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ ഗർഭകാലത്തെ ദിയ കൃഷ്ണയുടെ പേടികളെക്കുറിച്ച് തുറന്നു പറയുകയാണ് കൃഷ്ണകുമാറും കുടുംബവും. സിന്ധു കൃഷ്ണ പങ്കുവച്ച ഹോം വ്ലോഗിലാണ് ദിയയുടെ ഗർഭകാലത്തെ രസകരമായ അനുഭവങ്ങൾ കുടുംബം തുറന്നു പറഞ്ഞത്.
ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്ന ദിയയുടെ നിറവയറിൽ തലോടി കുഞ്ഞിനോട് സംസാരിക്കുന്ന കൃഷ്ണകുമാറിനെയും അഹാനയെയും വീഡിയോയിൽ കാണാം. കുഞ്ഞിനെ തലോടുന്നത് സൂപ്പർ ഫീലിങ്ങാണെന്ന് കൃഷ്ണകുമാർ പറയുന്നു.
സിന്ധു കൃഷ്ണയുടെ ഗർഭകാലവും കൃഷ്ണകുമാർ ഓർത്തെടുത്തു. ദിയ കൃഷ്ണയുടെ വയറിന്റെ വലിപ്പം ചെറുതാണെന്നും ചില ആംഗിളിൽ നിന്ന് നോക്കുമ്പോൾ ഗർഭിണിയാണെന്ന് തോന്നുകയില്ലെന്നും അഹാന പറഞ്ഞു. വയർ കിച്ചുവിന്റെ അത്രയുമേ ഉള്ളൂവെന്ന് സിന്ധുവും തമാശരൂപേണ പറഞ്ഞു.
ദിയ കൃഷ്ണയ്ക്ക് ഇൻജക്ഷനോടുള്ള പേടിയെക്കുറിച്ചും സിന്ധു കൃഷ്ണ വിഡിയോയിൽ പറയുന്നുണ്ട്. ഇപ്രാവശ്യം പോയപ്പോൾ ഡെലിവറി അടുക്കുമ്പോഴുള്ള ഒരു ബ്ലഡ് ടെസ്റ്റ് ഓസിക്ക് ഉണ്ടായിരുന്നു. ആറ് ടെസ്റ്റ്ട്യൂബിൽ ബ്ലഡ് എടുത്തു. ഇൻജക്ഷൻ ഭയമായതുകൊണ്ട് ഓസി ഒരുപാട് കരഞ്ഞു. പെപ്സി കുപ്പിയുടെ വലിപ്പമുള്ള ബോട്ടിലിൽ നിന്റെ ബ്ലഡ് എടുത്തു എന്നൊക്കെ ഞങ്ങൾ വെറുതെ പറഞ്ഞപ്പോൾ ഓസിക്ക് സങ്കടം വന്നു. ഓസിക്ക് ഇൻജക്ഷനോടുള്ള ഭയം മാറിയിട്ടില്ല, സിന്ധു കൃഷ്ണ പറയുന്നു.
ഇഷാനിയും ഹൻസികയും ഇങ്ങനത്തെ കാര്യങ്ങളിൽ ധൈര്യമുള്ളവരാണ്. അമ്മുവിനും അത്ര ധൈര്യം ഇല്ല. ചോര കാണുന്നതൊക്കെ അമ്മുവിനും കുറച്ച് പേടിയാണ്. ഞാനും പേടിയുള്ള കൂട്ടത്തിലാണ്. ഹൻസികയൊക്കെ ബ്ലഡ് എടുക്കുമ്പോൾ ചിരിച്ചുകൊണ്ടു നിൽക്കുമെന്നും സിന്ധു വിഡിയോയിൽ പറഞ്ഞു.
ഗർഭകാലത്തിന്റെ നിർണായക ഘട്ടത്തിൽ കടുത്ത മാനസിക സംഘർഷമാണ് ദിയ കൃഷ്ണയ്ക്ക് നേരിടേണ്ടി വന്നത്. ദിയയുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ദിയയെ ബാധിച്ചത്. ദിയയുടെ സ്ഥാപനത്തിൽ ജീവനക്കാരായിരുന്ന മൂന്ന് സ്ത്രീകൾ അറുപത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. തട്ടിപ്പ് നടത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ് കുടുംബമിപ്പോൾ.
പ്രതിസന്ധി ഘട്ടത്തിൽ തളർന്നുപോയ ദിയയ്ക്ക് താങ്ങായി അച്ഛൻ കൃഷ്ണകുമാറാണ് എപ്പോഴും കൂടെയുണ്ടായിരുന്നത്. കഴിഞ്ഞ വർഷമാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേശുമായുള്ള വിവാഹം കഴിഞ്ഞത്. അശ്വിൻ ഐടി കമ്പിനിയിൽ ജോലി ചെയ്യുകയാണ്.