ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്സ് ആണ് രാമോജി ഫിലിം സിറ്റി. പ്രശസ്തമായ ഈ ഫിലിം സിറ്റയെ കുറിച്ച് ബോളിവുഡ് താരം കാജോൾ പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായിരിക്കുന്നത്. ‘മാ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഗലാട്ട ഇന്ത്യയുമായുള്ള അഭിമുഖത്തിനിടെയാണ് താരം രാമോജി ഫിലിം സിറ്റി ശരിക്കും പ്രേതബാധയുള്ള സ്ഥലമായാണ് താൻ കരുതുന്നതെന്ന പ്രസ്താവന നടത്തിയത്.
ഹൊറർ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാജോൾ. ‘ എനിക്ക് അത്തരത്തിലുള്ള അനുഭവങ്ങൾ ഒരുപാട് തവണ ഉണ്ടായിട്ടുണ്ട്. നെഗറ്റീവ് എനർജിയെന്നോ വൈബെന്നോ അതിനെ വിളിക്കാം. നമ്മൾ ആ സ്ഥലത്ത് പോയാൽ നമുക്ക് എന്തോ പ്രശ്നമുള്ളത് പോലെ ഫീൽ ആകും, എന്തോ ശരിയല്ലെന്ന് തോന്നും, അത്തരത്തിലുള്ള എനർജികൾ കാരണം ഷൂട്ടിങ്ങിന് പോയി ഉറങ്ങാതെ കഴിച്ചുകൂട്ടിയ സ്ഥലങ്ങൾ പോലും എനിക്ക് ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഹൈദരാബാദിലെ പ്രസിദ്ധമായ രാമോജി ഫിലിം സിറ്റി. പക്ഷെ ദൈവഭാഗ്യമെന്ന് പറയട്ടെ ഒന്നിനേയും എനിക്ക് നേരിട്ട് കാണാൻ ഇടയുണ്ടായിട്ടില്ല.’ കാജോൾ പറഞ്ഞു.
ഈ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ‘മാ’ എന്ന പുതിയ ഹൊറർ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് താരം ഇത്തരത്തിലുള്ള കാര്യം പറയുന്നതെന്നും, ഹിന്ദി സിനിമയ്ക്ക് അതിന്റെ പ്രതാപം നഷ്ടപ്പെടുന്നതിലുള്ള അസൂയയും കുശുമ്പുമാണ് ഈ പ്രസ്താവനയുടെ പിന്നിലുള്ള കാരണമെന്നും. കജോളിന്റെ ഈ പ്രസ്താവന രാമോജ് ഫിലിം സിറ്റിയെയും തെലുങ്ക് സിനിമാ വ്യാവസായത്തേയും അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് പൊതുവെ ഉള്ള അഭിപ്രായം.
ഇതിന് മുൻപും പല താരങ്ങൾ രാമോജിയിലെ പ്രേതാനുഭവങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. കജോൾ മുഖ്യവേഷത്തിലെത്തുന്ന മാ എന്ന ഹൊറർ ചിത്രം ഈ മാസം 27-നാണ് തിയേറ്ററിൽ എത്തുക.
STORY HIGHLIGHT: Kajol sparks controversy