കൊച്ചി: ‘മുത്തൂറ്റ് യെല്ലോ’ എന്ന് പൊതുവെ അറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നതുമായ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെയും അവസാന പാദത്തിലെയും ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഈ കാലയളവില്‍ 21.3 ശതമാനം വളര്‍ച്ചയോടെ കമ്പനി 815.15 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷം ഇത് 671.84 കോടി രൂപയായിരുന്നു. സ്വര്‍ണ്ണ വായ്പ ബിസിനസ്സിലെ തുടര്‍ച്ചയായ വളര്‍ച്ചയെയാണ് ഇത് കാണിക്കുന്നത്.
കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 17.57 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 4141.60 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 3,522.77 കോടി രൂപയായിരുന്നു. സ്വര്‍ണ്ണ വായ്പകളോടുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും അര്‍ദ്ധ നഗര, ഗ്രാമീണ വിപണികളില്‍ തങ്ങളുടെ ബ്രാഞ്ച് ശൃംഖല ശക്തിപ്പെടുത്തുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചതും വായ്പ വളര്‍ച്ചയ്ക്ക് കാരണമായി.
2025 സാമ്പത്തിക വര്‍ഷത്തില്‍ 21 ശതമാനം വര്‍ദ്ധനവോടെ 94.18 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 77.83 കോടി രൂപയായിരുന്നു. ഇത് കമ്പനിയുടെ പ്രവര്‍ത്തന മാതൃകയുടെ കരുത്ത് കൂടുതല്‍ ഉറപ്പിക്കുന്നു. സ്ഥിരതയുള്ള വരുമാനം, കാര്യക്ഷമമായ ചെലവ് നിയന്ത്രണം, ഉന്നത നിലവാരമുള്ള അണ്ടര്‍റൈറ്റിംഗ് രീതികള്‍ എന്നിവയാണ് ലാഭത്തില്‍ ഉണ്ടായ വളര്‍ച്ചയ്ക്ക് പിന്തുണയായത്.
കമ്പനിയുടെ ആസ്തികളുടെ നിലവാരത്തില്‍ നിയന്ത്രണം തുടര്‍ന്നും നിലനിര്‍ത്തി. മൊത്തം നിഷ്ക്രിയ ആസ്തികള്‍ 0.85 ശതമാനം ആയും അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.50 ശതമാനം ആയും നിലനിര്‍ത്തി. ഈ കുറഞ്ഞ നിഷ്ക്രിയ ആസ്തി നിലവാരം മുത്തൂറ്റ് മിനിയുടെ ചിട്ടയായ ക്രെഡിറ്റ് സമീപനത്തെയാണ് കാണിക്കുന്നത്. പ്രത്യേകിച്ച് സ്വര്‍ണ്ണ വായ്പ വിഭാഗത്തില്‍ വേഗത്തിലുള്ള വിതരണവും ഹ്രസ്വകാല തിരിച്ചടവ് സൈക്കിളുകളും പോര്‍ട്ട്ഫോളിയോയുടെ മികച്ച സ്ഥിതിക്ക് കാരണമായി.
മുത്തൂറ്റ് മിനിയുടെ മൂലധന പര്യാപ്തതാ അനുപാതം 21.38 ശതമാനം എന്ന ശക്തമായ നിലയില്‍ തുടരുകയും ചെയ്യുന്നു. ഇത് നിയന്ത്രണ ഏജന്‍സികള്‍ നിര്‍ദ്ദേശിക്കുന്ന പരിധിയേക്കാള്‍ വളരെ കൂടുതലാണ്. ഇത് കമ്പനിയുടെ സാമ്പത്തിക ഭദ്രതയും ഭാവി വളര്‍ച്ചയ്ക്ക് നിക്ഷേപം നടത്തുന്നതിനുള്ള ശേഷിയും വ്യക്തമാക്കുന്നു.
ഈ കാലയളവില്‍ കമ്പനിയുടെ ദീര്‍ഘകാല വായ്പകള്‍ക്ക് ഐസിആര്‍എ ‘എ’ (സ്റ്റേബിള്‍)’ റേറ്റിംഗ് നല്‍കി. നേരത്തെ കെയര്‍ റേറ്റിംഗ്സ് ലിമിറ്റഡ് കെയര്‍ എ- സ്റ്റേബിള്‍, ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് ഐഎന്‍ഡി എ- സ്റ്റേബിള്‍ എന്നീ റേറ്റിംഗുകള്‍ ലഭിച്ചിരുന്നു. ഐസിആര്‍എ പോലെയുള്ള മുന്‍നിര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയുടെ റേറ്റിംഗ് മുത്തൂറ്റ് മിനിയുടെ സ്ഥിരതയുള്ള സാമ്പത്തിക പ്രകടനവും ശക്തമായ ആസ്തി നിലവാരവും ഇന്ത്യയിലുടനീളമുള്ള വികസിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങളെയുമാണ് കാണിക്കുന്നത്.
2025 സാമ്പത്തിക വര്‍ഷം ചിട്ടയായ വികാസത്തിന്‍റെ വര്‍ഷമായിരുന്നു. വിവിധ പ്രദേശങ്ങളിലുടനീളം സ്വര്‍ണ്ണ വായ്പകള്‍ക്കുണ്ടായ വര്‍ദ്ധിച്ച ആവശ്യം തങ്ങള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയിലും വരുമാനത്തിലും മികച്ച വര്‍ദ്ധനവിന് കാരണമായി. പോര്‍ട്ട്ഫോളിയോയുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിലും ലളിതവും സുരക്ഷിതവുമായ വായ്പ പദ്ധതികളുമായി സേവനം ലഭിക്കാത്ത ഉപഭോക്തൃ വിഭാഗങ്ങളിലേക്ക് എത്താനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
വരുമാനം, കൈകാര്യം ചെയ്യുന്ന ആസ്തി, അറ്റാദായം എന്നിവയിലെ ഇരട്ട അക്ക വളര്‍ച്ച തങ്ങളുടെ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തോടെയും ഡിജിറ്റല്‍ സേവനങ്ങളിലൂടെയും തങ്ങളുടെ ശാഖകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു. അപകടസാധ്യതകള്‍ നിയന്ത്രിച്ചുകൊണ്ട് കാര്യക്ഷമമായി വളരാന്‍ ഞങ്ങളെ സഹായിച്ചു. 2026 സാമ്പത്തിക വര്‍ഷത്തിലും വിപണന ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തി ഉപഭോക്തൃ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഈ വളര്‍ച്ച തുടരാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. ഇ. മത്തായി പറഞ്ഞു.
വേഗമേറിയതും കൂടുതല്‍ സുതാര്യവുമായ സേവനങ്ങള്‍ ലഭ്യമാക്കാനായി കമ്പനി തങ്ങളുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതില്‍ നിക്ഷേപം നടത്തി. മുത്തൂറ്റ് മിനിയുടെ മൊബൈല്‍ ആപ്പ്, ഡിജിറ്റല്‍ സ്വര്‍ണ്ണ വായ്പ പുതുക്കലുകള്‍, ഉപഭോക്തൃ അറിയിപ്പുകള്‍ എന്നിവ ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനും സാധാരണ ഇടപാടുകള്‍ക്ക് ബ്രാഞ്ചുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സഹായിച്ചു.
2025 മാര്‍ച്ചിലെ കണക്കനുസരിച്ച് മുത്തൂറ്റ് മിനി 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 948 ശാഖകളിലൂടെ സേവനം നല്‍കുന്നു. 5,000ലധികം ജീവനക്കാരുടെ പിന്തുണയോടെ 25 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭ്യമാക്കുന്നത്. ദക്ഷിണേന്ത്യയിലും പശ്ചിമ ഇന്ത്യയിലുമുള്ള ഉയര്‍ന്ന സാധ്യതകളുള്ള വിപണികളില്‍ കമ്പനിയുടെ വിതരണ ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
















