ബോളിവുഡില്‍ കരിയര്‍ തുടങ്ങി ഹോളിവുഡ് വരെയെത്തിനിൽക്കുന്ന ആരാധകരുടെ പ്രിയ താരമാണ് പ്രിയങ്ക ചോപ്ര. നടിയെന്നതിലുപരി വ്യക്തിപ്രഭാവം കൊണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിനായി. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം എസ്.എസ് രാജമൗലി- മഹേഷ് ബാബു തെലുങ്ക് ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് പ്രിയങ്ക. ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ച് ന്യൂയോര്‍ക്കിലേക്കുമുള്ള യാത്ര തിരക്കിലാണ് താരം. ഇത്രതിരക്കിനിടയിലും പ്രിയങ്ക ന്യൂയോര്‍ക്കിലേക്ക് പറന്നെത്തുന്നത് മകൾ മാല്‍തി മേരി ചോപ്രയെ കാണാനും സമയം പങ്കിടാനുമായാണ്.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ഹെഡ്‌സ് ഓഫ് സ്റ്റേറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്ത ഷോയില്‍ മകളുടെ വിശേഷം പങ്കിടുകയായിരുന്നു പ്രിയങ്ക. ‘അവള്‍ പ്രായത്തിനേക്കാള്‍ കൂടുതല്‍ ബുദ്ധിയുള്ള കുട്ടിയാണ്. തമാശക്കാരിയായ അവള്‍ ചെറിയൊരു ഹാസ്യ നടിയാണ്. താന്‍ തമാശക്കാരിയാണെന്ന് അവള്‍ക്ക് അറിയുകയും ചെയ്യാം. അത് കൂടുതല്‍ നല്ലതാണ്. അവളിപ്പോള്‍ ഞങ്ങളുടെ ജീവിത്തതിലെ പ്രകാശമാണ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. മകള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. അവള്‍ക്ക് കൂട്ടുകാരികളുണ്ട്. അവളുടെ ഷെഡ്യൂള്‍ എന്റേതിനേക്കാള്‍ തിരക്കേറിയതാണ്. ഒരുപാട് ക്ലാസുകളുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. അവള്‍ക്ക് മറ്റ് കുട്ടികളുമായി ഇടപഴകാന്‍ ഒരുപാട് ഇഷ്ടമാണ്.’ പ്രിയങ്ക പറഞ്ഞു.
‘കൂട്ടുകാരിയുടെ അമ്മയ്ക്ക് മെസ്സേജ് അയക്കുമോ, എനിക്ക് അവളെ നാളെ കാണണം’ എന്നെല്ലാം അവള്‍ എന്നോട് പറയും. അത് വളരെ ക്യൂട്ടാണ്. നിക്ക് ജൊനാസിന്റേയും സഹോദരന്‍മാരുടേയും മ്യൂസിക് ബാന്റ് ആയ ജൊനാസ് ബ്രദേഴ്‌സിനെ അവള്‍ വിളിക്കുന്നത് ‘ഡോനട്ട് ബ്രദേഴ്‌സ്’ എന്നാണെന്നും’-പ്രിയങ്ക കൂട്ടിച്ചേർത്തു.
STORY HIGHLIGHT: priyanka chopra
















