പടക്കളം, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സന്ദീപ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ സന്ദീപ് തരംഗമാണ്. ‘പടക്കളം’ എന്ന ഒറ്റ സിനിമയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ നടന് സാധിച്ചു. നടൻ ചെയ്തു വച്ച പടങ്ങൾ എല്ലാം മികച്ചതാണ്.
‘പതിനെട്ടാംപടി’ എന്ന ചിത്രത്തിലൂടെയാണ് സന്ദീപ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും ഫാലിമിയിലെ വേഷമാണ് സന്ദീപിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. ഇപ്പോള്‍ മനു സ്വരാജ് സംവിധാനം ചെയ്ത ‘പടക്കളം’ സന്ദീപിനെ യുവനായകനടന്മാരുടെ നിരയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
പ്രകടനം കൊണ്ട് സന്ദീപ് ഞെട്ടിച്ചുവെന്നും മലയാള സിനിമയിലെ അടുത്ത ഹീറോ മെറ്റീരിയലാണ് താരം എന്നുമാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. മലയാളത്തിന്റെ ഭാവി വാഗ്ദാനമാണ് സന്ദീപ് എന്നും വിലയിരുത്തലുമുണ്ട്. ഇതിനിടെ സന്ദീപിനെ നസ്‌ലെനുമായി താരതമ്യം ചെയ്തുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും ചർച്ചയായി. സന്ദീപിന്റെ വരവ് നസ്‌ലെന് തിരിച്ചടിയാകുമെന്നടക്കമുള്ള കമന്റുകളും വന്നു.
ഇപ്പോഴിതാ ഇത്തരം താരതമ്യങ്ങളോട് പ്രതികരിക്കുകയാണ് സന്ദീപ്. ഈ താരതമ്യങ്ങള്‍ കാരണം നസ്‌ലെനുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടായോ എന്ന ചോദ്യത്തിന് മറുപടിയാണ് സന്ദീപ് പറയുന്നത്. താനും നസ്‌ലെനുമായി മികച്ച സൗഹൃദമാണെന്ന് സന്ദീപ് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘സോഷ്യൽ മീഡിയയിൽ ഇത്തരം ചർച്ചകൾ ഒരുപാട് കണ്ടു. എന്നാൽ അതൊന്നും ഒരുപാട് നോക്കാൻ പോയില്ല. അതെല്ലാം നമ്മളെ മാനസികമായി ബാധിക്കും. ഞങ്ങൾ തമ്മിൽ ഇത് സംസാരിക്കാറുണ്ട്, പരസ്പരം ട്രോൾ പങ്കുവെയ്ക്കാറുണ്ട്. ഞങ്ങൾക്കൊരു ബോക്സിങ് ഗ്രൂപ്പുണ്ട്. ആരെങ്കിലുമൊക്കെ ഈ ട്രോൾ എടുത്തിടും, അപ്പോൾ നമ്മൾ കമന്റ് ചെയ്യും. മലയാള സിനിമയിൽ ഒരു നായകൻ കൂടി എന്നൊക്കെ പറയുമ്പോൾ നസ്‌ലെൻ മറ്റേ തേങ്ങയുടക്കുന്ന സ്റ്റിക്കറൊക്കെ ഇടും’
‘നസ്‌ലെൻ ഒരുപാട് പോപ്പുലറായ താരമാണ്. വർഷങ്ങളായി ഇവിടെയുള്ളയാളാണ് നസ്‌ലെൻ. ഞാൻ ഇപ്പോൾ വന്നേ ഉള്ളൂ. പുതിയ ആൾ വരുമ്പോൾ സ്വാഭാവികമായി ഏത് മേഖലയിലായാലും താരതമ്യം വരും. അതൊരു ഇനീഷ്യൽ സ്റ്റേജിൽ വരുന്ന കാര്യമായാണ് ഞാൻ കരുതുന്നത്. താരതമ്യം വരുമ്പോൾ വളരെ മോശമായി സംസാരിക്കുന്നവരുണ്ടാകും, ക്രിട്ടിക്കലി സംസാരിക്കുന്നവരും ഉണ്ടാകും. ഞാനും നസ്‌ലെനും നിൽക്കുമ്പോൾ എനിക്ക് എന്റെ രീതിയിലും അവന് അവന്റെ രീതിയിലും കഥകൾ പറയാനുണ്ടാകും. കഥകൾ പറയാൻ പുതിയ ആളുകൾ വരികയല്ലേ, അതൊരു പോസിറ്റീവ് കാര്യമല്ലേ’
ടീനേജ് കാറ്റഗറിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഹീറോയാണ് നസ്‌ലെൻ. അത് കഴിഞ്ഞാണ് ഓരോരുത്തരും വന്ന് തുടങ്ങിയത്. അതുകഴിഞ്ഞ് പുതിയ താരങ്ങൾ വരുമ്പോൾ പുതിയ കഥകൾ ഈ ടീനേജ് കാറ്റഗറിയിൽ പറയാൻ സാധിക്കും. പല ജോണറുകൾ പറയാൻ കഴിയും. ഇനിയും പുതിയ ആളുകൾ വരട്ടെയെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്തായാലും ഇതുവരെ എന്റേയും നസ്‌ലെന്റേയും സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല’, സന്ദീപ് വ്യക്തമാക്കി.