പുത്തൻ ലുക്കിലുള്ള നസ്‌ലെന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ. സോഷ്യൽ മീഡിയയിൽ താരത്തിന് വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് ലുക്ക് വൈറൽ ആകുന്നത്. കള, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ടിക്കി ടാക്കയിൽ താരവും പ്രധാന വേഷത്തിൽ എത്തുന്നു.
https://twitter.com/WECineLoco/status/1936072610338464065?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1936072610338464065%7Ctwgr%5E24e5c0340e58929d9322d7715479573ada7bc14a%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fentertainment%2Fentertainment-news%2F2025%2F06%2F20%2Fnaslen-new-look-from-tiki-takka-goes-viral
ആസിഫ് അലിയാണ് സിനിമയിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിനായി നസ്‌ലെൻ ഒരുങ്ങുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. സ്റ്റൈലിസ്റ്റ് ആയ നിഷാൽ ആണ് നസ്‌ലെനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഈ ചിത്രത്തിലെ നടന്റെ ലുക്ക് ആണ് ഇപ്പോൾ വൈറലാകുന്നത്. ടിക്കി ടാക്കയിലേക്കുള്ള ലുക്ക് ആണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. ചിത്രത്തിൽ പത്ത് ദിവസത്തെ ഷൂട്ട് ആണ് നസ്‌ലെന് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ നടനെ സിനിമയിൽ നിന്ന് പുറത്താക്കിയെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ സിനിമയുടെ എഴുത്തുകാരിൽ ഒരാളായ നിയോഗ് കൃഷ്ണ അതിന് മറുപടി നൽകികൊണ്ട് ഫേസ്ബുക് പോസ്റ്റുമായി എത്തിയിരുന്നു.
‘ഗാറ്റ്സ്ബി മീറ്റ്‌സ് ഡെൻവർ’ എന്ന ക്യാപ്ഷനൊപ്പം നസ്‌ലെൻ്റെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് നിയോഗ് നടനെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചത്. ചിത്രത്തിൽ നസ്‌ലെൻ്റെ കഥാപാത്രത്തിന്റെ പേര് ഗാറ്റ്സ്ബി എന്നാണെന്നാണ് സൂചന. ടിക്കി ടാക്കയിൽ നസ്‌ലെൻ ആസിഫ് അലിയേക്കാൾ പ്രതിഫലം ആവശ്യപ്പെട്ടെന്നും ഇത് മൂലം നടനെ സിനിമയിൽ നിന്ന് പുറത്താക്കിയെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. ഇത് നസ്‌ലെന് എതിരെയുള്ള ക്യാംപെയ്ന്‍ സ്വാഭാവത്തിലേക്കും നീങ്ങിയിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു നിയോഗിന്റെ പോസ്റ്റ്. ‘ഹേറ്റേഴ്‌സ് ഗോണ ഹേറ്റ്’ എന്ന ഹാഷ്ടാഗും നിയോഗ് പോസ്റ്റിൽ ഉൾപ്പടുത്തിയിട്ടുണ്ട്.
ഒരു പക്കാ മാസ് ആക്ഷൻ പടമായിരിക്കും ടിക്കി ടാക്ക എന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസർ നൽകിയത്. പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.
















