പുഷ്പ രാജ് എന്ന തന്റെ ഐക്കണിക് കഥാപാത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള എല്ലാ വീട്ടകങ്ങളിലും ഒരു വികാരമായി ആളിപ്പടര്‍ന്നിരിക്കുകയാണ് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. ഏവരുടേയും ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുകയാണ് അല്ലുവിന്റെ പുഷ്പരാജ് എന്ന കഥാപാത്രം. ബോക്‌സ് ഓഫീസിലെ മിന്നും പ്രകടനത്തിലൂടെ ലോകമെമ്പാടും നിന്നായി 1800 കോടിയുടെ കളക്ഷന്‍ നേടിയ ‘പുഷ്പ 2’ന്റെ ഹിന്ദി പതിപ്പ് അടുത്തിടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ നടത്തുകയുണ്ടായി. അതിന് പിന്നാലെ ബിഗ് സ്‌ക്രീനിന് പിന്നാലെ മിനി സ്‌ക്രീനിലും പുഷ്പരാജ് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 5.1 ടിവിആര്‍ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യമെമ്പാടും നിന്നായി ചിത്രം നേടിയിരിക്കുന്നത്.
തെലുങ്കിന് പുറമെ ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകര്‍ക്കിടയില്‍ അല്ലു അര്‍ജുന് വലിയൊരു താരപദവിയുണ്ട്. അതിനാല്‍ തന്നെ ഈ നേട്ടം ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടെലിവിഷന്‍ ചലച്ചിത്രമായി ‘പുഷ്പ 2’നെ മാറ്റിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താന്‍, ആനിമല്‍ തുടങ്ങിയ നിരവധി ചിത്രങ്ങളെയും റേറ്റിങ്ങില്‍ ‘പുഷ്പ 2’ മറികടന്നിരിക്കുകയാണ്.
ഈ റേറ്റിങ്ങുകള്‍ക്കൊക്കെ അപ്പുറം യഥാര്‍ത്ഥത്തില്‍ വേറിട്ടുനില്‍ക്കുന്നത് സിനിമയുമായി പ്രേക്ഷകര്‍ക്കുള്ള ആഴത്തിലുള്ള വൈകാരിക ബന്ധവും അത് പ്രേക്ഷകര്‍ക്കിടയില്‍ തീര്‍ത്ത പ്രതിഫലനവുമാണ്. ബോളിവുഡ് ഭീമന്മാരെ പോലും മറികടന്ന് രാജ്യത്തുടനീളമുള്ള എല്ലാ വീട്ടിലും ഡബ്ബ് ചെയ്‌തെത്തിയ പുഷ്പ 2 എത്തുക എന്നത് തന്നെ ശ്രദ്ധേയമായ ഒരു നേട്ടമാണ്, പ്രദര്‍ശന ശാലകളിലായാലും വീട്ടിലായാലും, പുഷ്പ രാജ് എന്ന അല്ലു അര്‍ജുന്റെ ശക്തമായ കഥാപാത്രത്തെ പ്രേക്ഷകര്‍ ആഘോഷിക്കുന്നത് തുടരുകയാണ്.
നിലവിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത ഈ ടെലിവിഷന്‍ പ്രീമിയര്‍ അല്ലു അര്‍ജുന്റെ കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. ദേശീയ അവാര്‍ഡ് നേടുകയും അതോടൊപ്പം പാന്‍ ഇന്ത്യന്‍ താരപദവിയുടെ പ്രതീകമായി ഉയര്‍ന്നുവരുകയും ചെയ്തതിലൂടെ ഓരോ വിജയത്തിലും അല്ലു അര്‍ജുന്‍ ജനഹൃദയങ്ങളില്‍ ഒരു വികാരമായി വളര്‍ന്നിരിക്കുകയാണ് എന്ന് നിസ്സംശയം പറയാം.
















