ജൂനിയർ ആർട്ടിസ്റ്റായി എത്തി നായകനായി തിളങ്ങി നിൽക്കുകയാണ് ജോജു ജോർജ്. ജോസഫ് എന്ന ചിത്രത്തിലൂടെയാണ് ജോജുവിന്റെ കരിയർ മാറിമറിയുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് തനിക്ക് സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടെന്ന് പറയുകയാണ് ജോജു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജോജുവിന്റെ പ്രതികരണം.
ജോജുവിന്റെ വാക്കുകൾ ഇങ്ങനെ….
ദാദാ സാഹിബിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഞാൻ ആദ്യമായി മമ്മൂക്കയെ അടുത്ത് കാണുന്നത്. ചുറ്റുമുള്ള എല്ലാത്തിനെയും എല്ലാവരെയും നിരീക്ഷിക്കുന്ന ഒരാളാണ് അദ്ദേഹം. ആദ്യമൊക്കെ “ഗുഡ് മോർണിങ്”, “ഗുഡ് നൈറ്റ്”- ഇത് മാത്രമായിരുന്നു അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നത്. അദ്ദേഹത്തോട് ഇത് പറയാൻ വേണ്ടി മാത്രം ഞാൻ അദ്ദേഹത്തിന്റെ കാറിനടുത്ത് നിൽക്കുമായിരുന്നു. ആദ്യമൊക്കെ അദ്ദേഹം എന്നെ പല സിനിമകളിലും റെക്കമൻഡ് ചെയ്യുമായിരുന്നു. രാജാധി രാജയുടെ ഷൂട്ടിങ്ങിന്റെ സമയത്ത്, ഒരു രംഗം എനിക്ക് കറക്ടായിട്ട് ചെയ്യാൻ പറ്റിയില്ല. അപ്പോൾ മമ്മൂക്ക എന്നെ പതുക്കെ വിളിച്ച് മാറ്റി നിർത്തിയിട്ട് ആ കഥാപാത്രം എങ്ങനെ അവതരിപ്പിക്കണമെന്ന് പറഞ്ഞു തന്നു. അതെനിക്ക് മറക്കാൻ കഴിയില്ല.
മോഹൻലാലിന്റെ വലിയൊരു ആരാധകനാണല്ലോ എന്ന ചോദ്യത്തോടും ജോജു പ്രതികരിച്ചു. “കേരളത്തിൽ ലാലേട്ടന്റെ ആരാധകരല്ലാത്ത ആരാണുള്ളത്?. നമ്മുടെ സിനിമാ സംസ്കാരം സമ്പന്നമാണ്, ആ പാരമ്പര്യത്തിന്റെ ഒരു ഉല്പന്നമാണ് ഞാനും. പത്മരാജൻ സാറിന്റെയും ഭരതൻ സാറിന്റെയുമൊക്കെ സിനിമകളിലെ മമ്മൂട്ടിയെയും ലാലേട്ടനെയുമൊക്കെ കണ്ടാണ് ഞാൻ വളർന്നത്. അവരാണ് ശരിക്കും എന്റെ അഭിരുചിയും കഥ പറയാനുള്ള എന്റെ അവബോധവുമൊക്കെ രൂപപ്പെടുത്തിയത്.
മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും ആഗ്രഹമുണ്ട് എന്നായിരുന്നു ജോജുവിന്റെ മറുപടി. “ഒരു സംവിധായകനെന്ന രീതിയിൽ പറയുകയാണെങ്കിൽ, ഇവരിൽ ആരെ വച്ച് സിനിമ ചെയ്യുകയാണെങ്കിലും നമുക്ക് നല്ലൊരു കഥ വേണം. നല്ലൊരു കഥയും പ്ലാനും വരുമ്പോൾ ഞാൻ തീർച്ചയായും അവരെ സമീപിക്കും. മമ്മൂക്കയോട് ഞാനൊരിക്കൽ ഒരു കഥ പറഞ്ഞിരുന്നു. അത് കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് നല്ല കഥാബോധം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ പ്രൊജക്ട് നടന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ആ വാക്കുകൾ എന്നെ സംബന്ധിച്ച് സന്തോഷമുള്ള ഒന്നാണ്. എന്റെ ചിന്താഗതികളൊക്കെ ശരിയാണെന്ന് എനിക്ക് മനസിലായി.
content highlight: Joju George