നടന്മാരിൽ ഇന്ദ്രന്‍സിനെ എല്ലാവർക്കും ഇഷ്ടമാണ്. ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുള്ള ഇന്ദ്രന്‍സിന്റെ ജീവിതം ആരേയും പ്രചോദിപ്പിക്കുന്നതാണ്. ഒരിക്കല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന മാറ്റി നിര്‍ത്തലുകളെക്കുറിച്ച് ഇന്ദ്രന്‍സ് സംസാരിക്കുകയുണ്ടായി. ആ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഇന്ദ്രൻസിന്റെ വാക്കുകളിങ്ങനെ….
മാറ്റിയിരുത്തലും ഇറക്കി വിടലും എനിക്ക് പുത്തരിയല്ല. നാലാം ക്ലാസ് വരെയുള്ള എന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ പല സഹപാഠികളും പറഞ്ഞിട്ടുണ്ട് സാറേ ഈ സുരേന്ദ്രനെ എന്റെയടുത്ത് ഇരുത്താന്‍ പറ്റത്തില്ല. മാറ്റിയിരുത്തണം എന്ന്. ഒരേയൊരു ഡ്രസും ഇട്ടുകൊണ്ടാണ് ആഴ്ചയില്‍ അഞ്ച് ദിവസവും സ്‌കൂളില്‍ പോയിരുന്നത്. കഴുകി ഉണങ്ങാനുള്ള സാവകാശമില്ല. പിന്നെ സഹപാഠികള്‍ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ക്യാമറയുടെ മുന്നിലെത്തി, അപ്പോഴും മാറ്റി നിര്‍ത്തലുകള്‍ തുടര്‍ന്നു.
ആദ്യമൊക്കെ അതുകേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിരുന്നു. സ്‌കൂളിലെ അനുഭവങ്ങളാണ് അപ്പോള്‍ ഓര്‍മ വരുന്നത്. പിന്നീടാണ് അതിന്റെ യാഥാര്‍ത്ഥ്യം എനിക്ക് മനസിലായത്. അവസാന സീനില്‍ വരെ കോമാളി കളിച്ച് തലകുത്തി നില്‍ക്കുന്ന കഥാപാത്രങ്ങളായിരിക്കും മിക്കവാറും എന്റേത്. അങ്ങനെ ഒരു വളര്‍ച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്‌സ് സീനിലൊക്കെ കയറി നിന്നാല്‍ അതിന്റെ ഗൗരവ്വം നഷ്ടമാകും. അത് സിനിമയെ ബാധിക്കും. ഇതറിഞ്ഞപ്പോള്‍ ഞാന്‍ തന്നെ സംവിധായകനോട് ചോദിക്കും, സാര്‍ ഈ സീനില്‍ ഞാന്‍ നില്‍ക്കാതിരിക്കുന്നതല്ലേ നല്ലത്. അങ്ങനെ സ്വയമങ്ങ് ഒഴിവാകും. പിന്നെപ്പിന്നെ ഞാനതൊരു സൗകര്യമാക്കി. സാര്‍ ക്ലൈമാക്‌സില്‍ ഞാന്‍ ഇല്ലല്ലോ. എന്നാല്‍ പിന്നെ ഞാന്‍ പൊയ്‌ക്കോട്ടെ. രണ്ട് ദിവസം മുമ്പേ സ്ഥലം വിടാം. ഒന്നുകില്‍ വീട്ടിലേക്ക് അല്ലെങ്കില്‍ അടുത്ത ലൊക്കേഷനിലേക്ക്. രണ്ടായാലും സന്തോഷം.
content highlight: Indrans