അമ്മയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ വ്യാപക ചർച്ചകൾ പ്രചരിക്കുന്നു. പ്രസിഡന്റ് സ്ഥാനത്ത് തുടരാകാനില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചതോടെയാണ് സംഘടനയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും. അതുവരെ നിലവിലെ ഭരണസമിതി തുടരും. ഇന്നലെ കൊച്ചി ഗോകുലം പാര്‍ക്കില്‍ ചേര്‍ന്ന ജനറല്‍ ബോഡിയിലെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ എത്തിയത്.
ജനറല്‍ ബോഡി യോഗത്തില്‍ പകുതിയില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് എത്തിയിരുന്നത്. മുഴുവന്‍ അംഗങ്ങളുടേയും പിന്തുണ ഇല്ലാതെ താന്‍ പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചുനിന്നു. സീനിയര്‍ അംഗങ്ങള്‍ ഉള്‍പ്പെടെ മോഹന്‍ലാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങിയില്ല. ഒരാളുടെയെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ടാകില്ല എന്ന് മോഹന്‍ലാല്‍ യോഗത്തെ അറിയിച്ചു.
അഡ്ഹോക് കമ്മിറ്റിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്ലാതെ തന്നെ ഭാരവാഹികളെ തീരുമാനിക്കാനായിരുന്നു ആദ്യം നീക്കം നടന്നിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം ഇത് മാറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
content highlight: AMMA General body
















