Celebrities

ഗോത്രജനവിഭാഗങ്ങളെ അധിക്ഷേപിച്ചു; വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസ്

നടൻ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസെടുത്ത് റായദുർഗം പൊലീസ്. ഗോത്രജനവിഭാഗങ്ങളെ അധിക്ഷേപിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടിക ജാതി/പട്ടിക വർഗ (അതിക്രമങ്ങൾ തടയൽ) നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജോയിൻ്റ് ആക്ഷൻ കമ്മിറ്റി ഓഫ് ട്രൈബൽ കമ്യൂണിറ്റീസ് എന്ന സംഘടനയുടെ പ്രസിഡൻ്റായ അശോക് റാത്തോഡാണ് പരാതി നല്‍കിയിരിക്കുന്നത്.ഏപ്രിൽ 26 -ന് റായദുർഗം ജെആർസി കൺവെൻഷൻ സെൻ്ററില്‍ നടന്ന ഒരു സിനിമയുടെ പ്രീ-റിലീസ് പരിപാടിയില്‍ വിജയ് ദേവകൊണ്ട നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. പ്രസംഗം ഗോത്ര ജനവിഭാഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതും അന്തസിനെ ഹനിക്കുന്നതുമാണെന്നാണ് പരാതിയില്‍ പറയുന്നത്. മാധാപൂർ എസിപി ശ്രീധറാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

അതേസമയം സിനിമ പ്രമോഷനിടെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച, വിജയ്‌ ദേവരകൊണ്ട പാകിസ്ഥാനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിനായി ഉപയോഗിച്ച വാക്കുകളാണ് വിവാദമായത്. ഗോത്രജനവിഭാഗങ്ങൾ 500 വർഷങ്ങള്‍ക്ക് മുമ്പ് പെരുമാറിയത് പോലെയാണ് പാകിസ്ഥാന്‍ ഇപ്പോഴും ആക്രമണങ്ങളുമായി മുന്നോട്ടുപോകുന്നത് എന്നായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്.

നടനെതിരെ ആ സമയത്ത് തന്നെ കനത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ ഖേദം പ്രകടിപ്പിച്ച് വിജയ് ദേവരകൊണ്ട രംഗത്ത് എത്തുകയും ചെയ്‌തിരുന്നു. താൻ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഗോത്രജനങ്ങൾ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നുമായിരുന്നു നടൻ്റെ പ്രതികരണം. ഈ മാസം 17-ാം തീയതിയാണ് നടനെതിരെ റായദുർഗം പൊലീസിന് പരാതി നല്‍കുന്നത്.