Entertainment

‘ജനനായകൻ’ വിജയ് അവസാനമായി ചെയ്യുന്ന സിനിമയായിരിക്കുമോ ? മമിതയുടെ മറുപടി ഇങ്ങനെ…

‘പ്രേമലു’ എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലേക്ക് ഗോൾഡൻ ടിക്കറ്റ് ലഭിച്ച താരമാണ് മമിത ബൈജു. തുടർന്ന് വമ്പൻ ഓഫറുകളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ‘ജനനായകൻ’ എന്ന ചിത്രത്തിൽ ദളപതി വിജയ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് നടി മമിത ബൈജു.

അയർലണ്ടിൽ നടന്ന ഒരു പരിപാടിയിലാണ് മമിത ജനനായകന്റെ വിശേഷങ്ങൾ പറഞ്ഞത്. സിനിമയിൽ തുടർന്നഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ വിജയ് പറഞ്ഞ മറുപടിയും മമിത ചടങ്ങിൽ പറഞ്ഞു. ഇത് ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.

അയർലണ്ടിൽ നടന്ന കേരള കാർണിവലിലെ മുഖ്യാതിഥികളിൽ ഒരാളായിരുന്നു മമിത ബൈജു. ഈ ചടങ്ങിനിടെ ജനനായകനിൽ വിജയ്ക്കൊപ്പം പ്രവർത്തിച്ച അനുഭവം പങ്കിടാൻ അവതാരകനായ മിഥുൻ രമേശ് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയായി മമിത പറഞ്ഞ മറുപടി അഭിനയരം​ഗത്തേക്ക് തുടർന്നേക്കും എന്ന രീതിയിൽ വിജയ് സംസാരിച്ചെന്നാണ്.

‘ജനനായകൻ അവസാനമായി ചെയ്യുന്ന സിനിമയായിരിക്കുമോ എന്ന് വിജയ് സാറിനോട് ഞാൻ നേരിട്ടു ചോദിച്ചു. എല്ലാവരും അങ്ങനെ പറയുന്നുണ്ടല്ലോ എന്നും പറഞ്ഞു. അപ്പോൾ സാർ പറഞ്ഞത് എല്ലാം 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ചിരിക്കും എന്നാണ്. ഷൂട്ടിങ്ങിന്റെ അവസാനദിവസം ഞാനും അണിയറപ്രവർത്തകരുമെല്ലാം വൈകാരികമായാണ് പ്രതികരിച്ചത്. അദ്ദേഹവും വികാരാധീനനായി. എല്ലാവരുടേയും കൂടെ ഫോട്ടോ എടുക്കാനൊന്നും നിന്നില്ല.’ മമിത പറഞ്ഞു.

എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒൻപതിന് തീയേറ്ററുകളിലെത്തും. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.