‘തഗ് ലൈഫ്’ വരുത്തിവച്ച ക്ഷീണം മാറ്റാൻ ‘വീര ധീര സൂരൻ’ സംവിധായകനൊപ്പം കൈകോർക്കാൻ ഉലകനായകൻ. ചിത്ത, വീര ധീര സൂരൻ എന്നീ മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച എസ് യു അരുൺകുമാറുമായിട്ടാണ് കമലഹാസന്റെ പുതിയ ചിത്രം.
മികച്ച എഴുത്തിന്റെയും സംവിധാനത്തിന്റെയും പിൻബലത്തിൽ സംവിധായകൻ ഇതിനോടകം തമിഴ് സിനിമയിൽ ഒരു സ്ഥാനം നേടി എടുത്തിട്ടുണ്ട്. വിക്രമിനെ നായകനാക്കി അരുൺകുമാറിന്റേതായി അവസാനമായിറങ്ങിയ വീര ധീര സൂരൻ മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ സംവിധായകന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള റിപ്പോർട്ട് ആണ് ചർച്ചയാകുന്നത്.
കമൽ ഹാസന്റെ രാജ്കമൽ ഫിലിംസിന് വേണ്ടിയാണ് അരുൺ കുമാർ അടുത്ത സിനിമ ചെയ്യനൊരുങ്ങുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ കമൽ ഹാസൻ നായകനായി എത്തുമെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. തിരക്കഥ എഴുത്ത് അവസാന ഘട്ടത്തിലാണെന്നും അത് കഴിഞ്ഞാൽ ഉടൻ സിനിമയെക്കുറിച്ചുള്ള മറ്റ് അപ്‌ഡേറ്റുകൾ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ 2, തഗ് ലൈഫ് തുടങ്ങിയ പരാജയ സിനിമകൾക്ക് ശേഷം അരുൺകുമാറുമായി ഒന്നിക്കുമ്പോൾ അത് കമൽ ഹാസന് വിജയപ്രതീക്ഷ നൽകുന്നുണ്ടെന്നാണ് ആരാധകർ കമന്റിൽ കുറിക്കുന്നത്.
വിക്രമിനെ നായകനാക്കി അരുൺകുമാർ ഒരുക്കിയ വീര ധീര സൂരൻ തിയേറ്ററിൽ പ്രതീക്ഷ നിലയിൽ വിജയമായില്ലെങ്കിലും ഇടക്കാലത്ത് വിക്രമിന്റെതായി പുറത്തിറങ്ങിയ സിനിമകളിൽ മികച്ചതെന്ന് ഖ്യാതി നേടിയിരുന്നു. സിനിമ ആഗോളതലത്തിൽ 65 കോടിയിലധികം രൂപ നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 42.5 കോടി ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നുള്ള കളക്ഷനാണ്. വിക്രമിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കളക്ഷനുകളിൽ ഒന്നാണ് സിനിമയുടേത്.
അതേസമയം, കമൽ ഹാസന്റേതായി അവസാനം പുറത്തിറങ്ങിയ തഗ് ലൈഫ് ബോക്സ് ഓഫിസിൽ കൂപ്പുകുത്തിയിരുന്നു. 200 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യയിൽ നിന്ന് ഇതുവരെ നേടാനായത് 47.2 കോടി മാത്രമാണെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിനം ചിത്രം 15.5 കോടി നേടിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ നെഗറ്റീവ് റിവ്യൂസ് മൂലം സിനിമയ്ക്ക് കുതിപ്പുണ്ടാക്കാൻ സാധിച്ചില്ല. ഇത് കമൽ ഹാസന്റെ തന്നെ സിനിമയായ ഇന്ത്യൻ 2 , സൂര്യയുടെ കങ്കുവ, ഗെയിം ചേഞ്ചർ എന്നീ സിനിമകളേക്കാൾ താഴെയാണ്.
















