കമല്‍ ഹാസനും മണിരത്നവും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രമാണ് തഗ് ലൈഫ്. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാല്‍ വളരെ മോശം പ്രതികരണങ്ങള്‍ ആണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണുണ്ടായത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ മണിരത്നം. 123 തെലുങ്കുവിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മണിരത്നത്തിന്റെ പ്രതികരണം.
മണിരത്നത്തിന്റെ വാക്കുകള്‍…..
‘നായകന്‍ പോലുള്ള മറ്റൊരു സിനിമ പ്രതീക്ഷിച്ചിരുന്നവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. ആ തരത്തിലുള്ള സിനിമ വീണ്ടും ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. അമിത പ്രതീക്ഷയേക്കാള്‍, അത് മറ്റൊരു അനാവശ്യ പ്രതീക്ഷ നല്‍കിയെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ നല്‍കിയതില്‍ നിന്ന് വളരെ വ്യത്യസ്തമായ എന്തോ ഒന്ന് ആയിരുന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. അത് ഒരു തെറ്റിദ്ധാരണയായി മാറി’.
200 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടാനായത് 47.2 കോടി മാത്രമാണെന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആദ്യ ദിനം ചിത്രം 15.5 കോടി നേടിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നെഗറ്റീവ് റിവ്യൂസ് മൂലം സിനിമയ്ക്ക് കുതിപ്പുണ്ടാക്കാന്‍ സാധിച്ചില്ല. ഇത് കമല്‍ ഹാസന്റെ തന്നെ സിനിമയായ ഇന്ത്യന്‍ 2 , സൂര്യയുടെ കങ്കുവ, ഗെയിം ചേഞ്ചര്‍ എന്നീ സിനിമകളേക്കാള്‍ താഴെയാണ്. സിനിമയുടെ പരാജയത്തെത്തുടര്‍ന്ന് തങ്ങള്‍ക്ക് സംഭവിച്ച നഷ്ടത്തിനുപകരം നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ തിയേറ്ററുടമകള്‍ എന്നാണ് നാഷണല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.