പ്രശസ്ത ഫിലിം സ്റ്റുഡിയോ ഹൈദരാബാദ് രാമോജി ഫിലം സിറ്റിയിൽ പ്രേതബാധയുണ്ടെന്ന പരാമർശം തിരുത്തി ബോളിവുഡ് നായിക കജോൾ. ഒരു അഭിമുഖത്തിൽ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയെ ‘ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലങ്ങളിൽ ഒന്ന്’ എന്ന് വിശേഷിപ്പിച്ചത് വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇപ്പോഴിതാ കുടുംബങ്ങൾക്കും കുട്ടികൾക്കും പൂർണ്ണമായും സുരക്ഷിതമായ സ്ഥലമാണ് രാമോജി ഫിലിം സിറ്റി എന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം
‘രാമോജി ഫിലിം സിറ്റിയെക്കുറിച്ചുള്ള എന്റെ മുൻ പരാമർശത്തിൽ കൂടുതൽ വിശദീകരണം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. രാമോജി ഫിലിം സിറ്റിയിൽ നിരവധി പ്രോജക്ടുകൾ ചിത്രീകരിച്ചിട്ടുണ്ട്, വർഷങ്ങളായി അവിടെ നിരവധി തവണ താമസിച്ചിട്ടുണ്ട്. സിനിമാനിർമ്മാണത്തിന് വളരെ പ്രൊഫഷണൽ അന്തരീക്ഷമാണതെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. കൂടാതെ നിരവധി വിനോദസഞ്ചാരികൾ അവിടം ആസ്വദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. കുടുംബങ്ങൾക്കും കുട്ടികൾക്കും പൂർണ്ണമായും സുരക്ഷിതമായ സ്ഥലമാണ് രാമോജി ഫിലിം സിറ്റി’ കാജോൾ തന്റെ എക്സ് അക്കൗണ്ടിലൂടെ പറഞ്ഞു. കൂടാതെ തന്റെ മുൻ പരാമർശം തെറ്റിദ്ധാരണയുണ്ടാക്കിയെങ്കിൽ അതിന് ഖേദിക്കുന്നുവെന്നും, റാമോജി ഫിലിം സിറ്റിയിൽ തനിക്ക് മികച്ച അനുഭവമാണ് ലഭിച്ചതെന്നും കാജോൾ കൂട്ടിച്ചേർത്തു.
കജോളിന്റെ ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് ‘മാ’. ചിത്രത്തിന്റെ പ്രൊമോഷൻ ഇൻ്റർവ്യൂവിൽ നടിയോട് ഹൊറർ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് നേരത്തെ കജോൾ തന്റെ അനുഭവം പങ്കുവെച്ചത്. ‘ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായിട്ടാണ് എനിക്ക് രാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത്. അവിടെ ഷൂട്ടിന് പോയ സമയങ്ങളില്‍ എനിക്ക് ഉറങ്ങാൻ പോലും കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഞാന്‍ നേരിട്ട് അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊർജ്ജം അനുഭവപ്പെട്ടിട്ടുണ്ട്,’ എന്നായിരുന്നു മുൻപ് താരം പറഞ്ഞിരുന്നത്. എന്നാൽ വിവാദങ്ങളും വിമർശനവും കനത്തത്തോടെ വിശദീകരണം നൽകുകയായിരുന്നു താരം.
STORY HIGHLIGHT: kajol corrects her earlier statement ramoji film city
















