വിക്‌ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രാജകന്യക’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് തിരുവനന്തപുരം പാളയം കത്തീഡ്രലിൽ വച്ച് നടന്നു. ചിത്രത്തിലെ ‘മേലെ വിണ്ണിൽ’ എന്ന് തുടങ്ങുന്ന അതി മനോഹരമായ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്ര ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അരുൺ വെൺപാലയാണ്. സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധ നേടിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഒരുക്കുന്ന ചിത്രം ലോകമെമ്പാടുമായി ജൂലൈ ആദ്യവാരം റിലീസിന് എത്തും.
ഓഡിയോ റിലീസിന്റെ സ്വിച്ച് ഓൺ കർമ്മം നടനും സംവിധായകനുമായ മധുപാൽ നിർവഹിച്ചു. കേരളത്തിനകത്തും പുറത്തുമായി ചിത്രീകരിച്ച, ഫാന്റസി ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും പുതുതലമുറയ്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. മാതാവിന്‍റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്‌നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്.
ആത്മീയ രാജൻ, രമേഷ് കോട്ടയം, ചെമ്പിൽ അശോകൻ, ഭഗത് മാനുവൽ, മെറീന മൈക്കിൾ, ഷാരോൺ സാഹിം, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, ആശ അരവിന്ദ്, അനു ജോസഫ്, ഡിനി ഡാനിയേൽ, ജയ കുറുപ്പ്, അഷറഫ് ഗുരുക്കൾ, ജി കെ പന്നാംകുഴി, ഷിബു തിലകൻ, ടോം ജേക്കബ്, മഞ്ചാടി ജോബി, ബേബി, മേരി തുടങ്ങിയ താരങ്ങളോടൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
STORY HIGHLIGHT: rajakanyaka malayalam movie first song released
















