തൃപ്രയാർ: തൃപ്രയാറും ഗുരുവായൂരും ക്ഷേത്ര ദർശനം നടത്തി നടൻ മോഹൻലാൽ. തിങ്കളാഴ്ച പുലർച്ചെ 4.30-ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് മോഹൻലാൽ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തിയത്. തൃപ്രയാർ ക്ഷേത്രത്തിൽ അമ്പും വില്ലും സമർപ്പിച്ച ശേഷമാണു താരം മടങ്ങിയത്.
മീനൂട്ട്, വെടി, അവിൽ നിവേദ്യം എന്നീ വഴിവാടുകളും മോഹൻലാൽ സമർപ്പിച്ചു. മേൽശാന്തി കാവനാട് രവി നമ്പൂതിരിയിൽനിന്ന് തീർഥവും പ്രസാദവും വാങ്ങി ഉപദേവൻമാരെ തൊഴുതാണ് അഞ്ചേകാലോടുകൂടി മോഹൻലാൽ മടങ്ങിയത്. ക്ഷേത്രം മാനേജർ മനോജ് കെ. നായർ തൃപ്രയാർ തേവരുടെ ഫോട്ടോയും ചാർത്തിയ കളഭവും ക്ഷേത്രത്തിന്റെ ഐതിഹ്യം വിവരിക്കുന്ന പുസ്തകവും ഉപഹാരമായി നൽകി.
കണ്ണനെ തൊഴാൻ ഗുരുവായൂരിൽ
ഗുരുവായൂർ: കണ്ണന്റെ നിർമാല്യം തൊഴാൻ നടൻ മോഹൻലാലെത്തി. പ്രത്യേക വഴിപാടുകളൊന്നും നടത്തിയില്ലെങ്കിലും കാണിക്കവെച്ച് മടങ്ങി.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, മാനേജർ ലെയ്ജുമോൾ എന്നിവർ സ്വീകരിച്ചു. തിങ്കളാഴ്ച വെളുപ്പിന് അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് മോഹൻലാൽ ഗുരുവായൂരിലെത്തിയത്.