സ്‌ത്രീകളെയും പുരുഷമാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ് താരൻ. സെബം, നിര്‍ജ്ജീവ ചര്‍മകോശങ്ങള്‍ എന്നിവ ഭക്ഷിക്കുന്ന മലസീസിയ എന്ന ഫംഗസ് മൂലം തലയോട്ടിയിൽ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഇത്. . തലമുടി സംരക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ താരനെ തടയാൻ സാധിക്കും. താരൻ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഫലപ്രദമായ ചില പൊടികൈകൾ ഇതാ
അര കപ്പ് തൈരിലേക്ക് ഓരോ ടീസ്‌പൂണ്‍ വീതം നാരങ്ങാനീരും തേനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും തേച്ച് പിടിപ്പിക്കാം. 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്‌ചയിൽ രണ്ട് തവണ ഇത് ആവർത്തിക്കുക.
ഒരു കപ്പ് തൈരിലേക്ക് ഒരു മുട്ടയുടെ വെള്ളയും രണ്ട് ടീസ്‌പൂൺ ഒലീവ് ഓയിലും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം വീര്യം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യാം.
ഒരു പഴം നന്നായി ഉടച്ചതിന് ശേഷം അതിലേക്ക് ഒരു ടീസ്‌പൂൺ ഒലീവ് ഓയിൽ ചേർത്ത് യോജിപ്പിക്കാം. ഇതിലേക്ക് ഒരു സ്‌പൂൺ തൈര് കൂടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ശിരോ ചർമത്തിലും മുടിയിലും തേച്ച് പിടിപ്പിച്ച് 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപുവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകി കളയാം.
അഞ്ചോ പത്തോ ചെമ്പരത്തി ഇലകളും ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്ത ഒരു ടീസ്‌പൂണ്‍ ഉലുവയും അരക്കപ്പ് തൈരും ചേർത്ത് നന്നായി അരച്ചെടുക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. താരൻ അകറ്റാനും മുടി കരുത്തുറ്റതായി വളരാനും ഈ മിശ്രിതം ഗുണം ചെയ്യും. മികച്ച ഫലങ്ങൾക്കായി ആഴ്‌ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം.
അര കപ്പ് പുളിയുള്ള തൈരിലേക്ക് 1 ടീ സ്‌പൂൺ നാരങ്ങ നീരും 1 ടീ സ്‌പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം. 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.