മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്തിനെ ജൂലായ് ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണത്തിനായി പൊലീസ് ശ്രീകാന്തിനെ കസ്റ്റഡിയിൽ വാങ്ങും. ശ്രീകാന്തുമായി അടുപ്പമുള്ള മറ്റ് നടീനടൻമാരെക്കുറിച്ചും അന്വേഷണം നടത്തും.
കഴിഞ്ഞ ദിവസമാണ് ലഹരിക്കേസില്‍ തമിഴ് നടൻ ശ്രീകാന്തിനെ നുങ്കമ്പാക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മുൻ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന് ആരോപണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
ശ്രീകാന്ത് ഹൈക്കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. നാലു വകുപ്പുകൾ പ്രകാരമാണ് നടന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയെന്ന് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. 43 തവണയായി അഞ്ച് ലക്ഷം രൂപയ്ക്ക് ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയതായാണ് സൂചന. ഇതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാട് വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവും കണ്ടെടുത്തു.
ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാർട്ടികളിലും ആയിരുന്നു ലഹരി ഉപയോഗം. പല താരങ്ങൾക്കും ശ്രീകാന്ത് കൊക്കെയ്ൻ നൽകിയതായി വിവരമുണ്ട്. അതിനാൽ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിച്ചേക്കും.
content highlight: Actor Sreekanth drug case