നായകനായയും വില്ലനായുമൊക്കെ മലയാള സിനിമയുടെ മുന്‍ നിരയിലുളള താരമാണ് ജോജു ജോര്‍ജ്. മലയാളത്തിനപ്പുറം തമിഴിലും നടന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളായ റെട്രോയിലും, തഗ് ലൈഫിലും ജോജു പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ അഭിനയത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുകയാണ് ജോജു .ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
ജോജുവിന്റെ വാക്കുകള്‍…..
‘ലാലേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഫാനാണ് ഞാന്‍. ലാലേട്ടനെ ഇഷ്ടമല്ലാത്ത മലയാളികള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്രമാത്രം സ്വാധീനം അദ്ദേഹത്തിന് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ലാലേട്ടന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അന്നത്തെ സിനിമകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഭരതന്‍ സാര്‍, പദ്മരാജന്‍ സാര്‍, കെ.ജി. ജോര്‍ജ് സാര്‍ അങ്ങനെ എത്രയെത്ര ലെജന്‍ഡറിയായിട്ടുള്ള സംവിധായകരാണ് നമുക്ക് ഉണ്ടായിരുന്നത്. അത്രയും വലിയൊരു സിനിമാ കള്‍ച്ചറാണ് നമുക്ക് ഉള്ളത്. നമ്മുടെ സിനിമാ പാരമ്പര്യം അത്രക്ക് മഹത്തായ ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്. അത് സത്യമായിട്ടുള്ള കാര്യമാണെന്ന് എല്ലാവരും അംഗീകരിക്കുകയും ചെയ്യും. അങ്ങനെയുള്ള സംവിധായകരുടെ സിനിമകളില്‍ ലാലേട്ടനെപ്പോലെയും മമ്മൂക്കയെപ്പോലെയുമുള്ള നടന്മാര്‍ അഭിനയിച്ച് വെച്ചത് കണ്ടാണ് നമുക്ക് സിനിമയോട് താത്പര്യമുണ്ടായത്. അവരുടെ റോളും വളരെ വലുതാണ്. എന്റെ അഭിനയത്തില്‍ ലാലേട്ടന്റെയും മമ്മൂക്കയുടെയും സ്വാധീനമുണ്ടെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാകില്ല.’