താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയില്‍ നടന്നത്. യോഗത്തില്‍ ഏറ്റവും ശ്രദ്ധ നേടിയത് ജഗതി ശ്രീകുമാറിന്റെ വരവായിരുന്നു. 13 വര്‍ഷത്തിന് ശേഷമാണ് അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ജഗതി എത്തുന്നത്. ഇപ്പോഴിതാ ഏറെ കാലത്തിന് ശേഷം ജഗതി ശ്രീകുമാറിനെ കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ കുഞ്ചാക്കോ ബോബന്റെ കുറിപ്പ്.
കുഞ്ചാക്കോ ബോബന്‍ കുറിച്ചത്….
‘ഒരുപാട് നാളിന് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. എന്നെ കണ്ട മാത്രയില്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു തിളക്കം ഞാന്‍ കണ്ടു. എന്റെ കൈ പിടിച്ചു, മുഖത്ത് തലോടി. എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അത്രയും ഉള്ളില്‍ തട്ടിയ ഒരു നിമിഷം’.
2012 ല്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയായിരുന്നു ജഗതി ശ്രീകുമാര്‍. ഏറെ നാളുകള്‍ക്ക് ശേഷം സിബിഐ 5 എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. വരാനിരിക്കുന്ന വല എന്ന ചിത്രത്തിലും ജഗതി ഒരു വേഷം ചെയ്യുന്നുണ്ട്. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ജഗതി ശ്രീകുമാറിനെ സഹപ്രവര്‍ത്തകര്‍ ആദരിക്കുകയും ചെയ്തു.