ന്യൂഡൽഹി: പത്താം ക്ലാസിൽ രണ്ട് ഘട്ടമായി വാർഷിക പരീക്ഷ നടത്താൻ ഒരുങ്ങി സിബിഎസ്ഇ. ഈ അധ്യയന വർഷം മുതൽ ആയിരിക്കും നടപ്പാക്കുക. ആദ്യ പരീക്ഷ ഫെബ്രുവരിയിലും രണ്ടാം പരീക്ഷ മേയിലും ആയിരിക്കും നടത്തുക.
മാർക്ക് മെച്ചപ്പെടുത്താൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് മേയിൽ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയെഴുതാം. ആദ്യത്തെ പരീക്ഷ നിർബന്ധമായും എല്ലാ വിദ്യാർഥികളും എഴുതണം. ഒരു തവണ മാത്രമായിരിക്കും ഇന്റേണൽ അസസ്മെന്റ്. ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാമത്തെ പരീക്ഷാഫലം ജൂണിലും പ്രസിദ്ധീകരിക്കും.
രണ്ടാം ഘട്ട പരീക്ഷ ഓപ്ഷനലായിരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, ഭാഷകൾ എന്നിവയിൽ നിന്നുള്ള ഏതെങ്കിലും മൂന്ന് വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്താൻ വിദ്യാർഥികൾക്ക് അനുവാദമുണ്ടാകും. മൂല്യനിർണയം കാര്യക്ഷമമാക്കുന്നതിനും മൂല്യനിർണയത്തിലെ ആവർത്തനം കുറയ്ക്കുന്നതിനും ഈ മാറ്റം സഹായിക്കുമെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തൽ.