ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് കൂലി. പ്രഖ്യാപന നാൾ മുതലേ ആരാധകർ ഏറ്റെടുത്ത ചിത്രം കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ ചിത്രത്തിലെ ‘ചികിട്ടു’ എന്ന പാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അറിവിന്റെ വരികൾ ടി രാജേന്ദർ, അനിരുദ്ധ് രവിചന്ദർ, അറിവ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിലെ അനിരുദ്ധിന്റെ മാസ് ഡാൻസിൽ കണ്ണുടക്കി നിൽക്കുകയാണ് ആരാധകർ.
പുറത്തിറങ്ങിയ ഗാനം നിമിഷ നേരം കൊണ്ട് തന്നെ തലൈവർ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അനിരുദ്ധിനൊപ്പം ഡാൻസ് മാസ്റ്റർ സാൻഡി മാസ്റ്ററും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനത്തിന്റെ പ്രമോ ഇറങ്ങി 6 മാസത്തിന് ശേഷമാണു ഗാനത്തിന്റെ മുഴുനീള പതിപ്പ് ആരാധകരിലേക്കെത്തുന്നത്. അനിരുദ്ധിന്റെ ഗെറ്റപ്പും മാസും ഡാൻസും എല്ലാം ആരാധകർക്കിടയിൽ വലിയ ആവേശം ആണ് തീർത്തിരിക്കുന്നത്.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ഓഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിലെത്തും. രജനികാന്തിനൊപ്പം, ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തലൈവർ ആട്ടം സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
story highlight: coolie movie new song out
















