തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ തൊഴിൽരഹിതരായ യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം നൽകാൻ ഗ്രാമോദ്യോഗ് വികാസ് യോജന പദ്ധതി. 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനത്തിന് അവസരം ലഭിക്കുക.
കേന്ദ്ര സൂക്ഷ്മ, ഇടത്തരം, ചെറുകിട മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷൻ ഗ്രാമോദ്യോഗ് വികാസ് യോജന പദ്ധതിയിലൂടെ പരിശീലനം നൽകുന്നതിനായി ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യുവജനങ്ങൾക്ക് അവരുടെ വൈദഗ്ദ്ധ്യവും പരമ്പരാഗത സംരംഭകത്വവും മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ഗ്രാമോദ്യോഗ് വികാസ് യോജന. പ്രസ്‌തുത പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് തൊഴിൽ ചെയ്യാൻ ആവശ്യമായ ഉപകരണങ്ങൾ/ കിറ്റുകൾ/ മെഷിനറികൾ സേവനങ്ങൾ, പരിശീലനം എന്നിവ ഖാദി ഗ്രാമവ്യവസായ കമ്മീഷൻ നൽകും.
പാഴ്‌മര കര കൗശലം, ഹണി മിഷൻ പ്രോഗ്രാം, മൺപാത്ര നിർമ്മാണം, പ്ലംബർ, തയ്യൽ യന്ത്ര പ്രവർത്തനം, വാഴനാരുകൾ വേർതിരിച്ചെടുക്കലും ഫാൻസി ആർട്ടിക്കിൾ നിർമ്മാണവും എന്നിവയിലാണ് പരിശീലനം. പരിശീലനം പൂർത്തിയാക്കിയശേഷം കെവിഐസിയുടെ പിഎംജിപി സ്‌കീമുകൾ പ്രയോജനപ്പെടുത്തി സംരംഭം ആരംഭിക്കുന്നതിനായുള്ള ഗവൺമെൻ്റ് അംഗീകൃത സർട്ടിഫിക്കറ്റ്, മെച്ചപ്പെട്ട ഉപകരണങ്ങൾ/കിറ്റുകൾ /മെഷിനറികൾ എന്നിവ സംരംഭകന് നൽകും. തെരഞ്ഞെടുക്കപ്പെട്ട വ്യക്‌തികൾക്ക് നൽകിയിട്ടുള്ള യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ സ്വന്തം നിലക്ക് ചെയ്തുകൊള്ളാം എന്ന സാക്ഷ്യപത്രം സമർപ്പിക്കണം. എസ് സി/എസ്ടി, ബിപിഎൽ വിഭാഗത്തിൽപെട്ടവർ, വനിതകൾ, പുനരധിവാസത്തിന് അർഹരായ കീഴടങ്ങിയ നക്‌സലൈറ്റുകൾ, പ്രതിരോധ/ പാരാമിലിറ്ററി ഉദ്യോഗസ്ഥരുടെ വിധവകൾ, തീവ്രവാദ ആക്രമണത്തിനു വിധേയമായ കുടുംബങ്ങൾ എന്നിവർക്ക് മുൻഗണന നൽകും.
താൽപ്പര്യമുള്ള വ്യക്തികൾ വിദ്യാഭ്യാസ യോഗ്യത, പരിചയ സമ്പത്ത് എന്നിവ തെളിയിക്കുന്ന രേഖകൾ, പേര്, മേൽവിലാസം, വയസ്സ്, ആധാർ നമ്പർ, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, 2 പാസ്പോർട്ട് സൈസ് ഫോട്ടോകൾ ഉൾപ്പടെയുള്ള അപേക്ഷകൾ, ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ്, ഖാദി ഗ്രാമവ്യവസായ കമ്മീഷൻ, സംസ്ഥാന ഓഫീസ് , വൃന്ദാവൻ ഗാർഡൻ, പട്ടം പാലസ് പി ഒ , തിരുവനന്തപുരം, പിൻ : 695 004 എന്ന വിലാസത്തിൽ 2025 ജൂലൈ 18 ന് മുൻപ് സമർപ്പിക്കണം. ഫോൺ നമ്പർ – 0471-2331625, ഇ-മെയിൽ: kvictvm[at]gmail[dot]com. സ്‌കീമുമായി ബന്ധപ്പെട്ട വിശദാംശങ്ങളുള്ള അപേക്ഷ കെവിഐസിയുടെ www.kvic.gov.in /www.kvic.org.in എന്ന ഔദ്യോഗിക വെബ് സൈറ്റിലെ GVY training ഹെഡിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.