നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങളില്‍ മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമ ചിത്രീകരണ വേളയില്‍ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലൂടെയായിരുന്നു ലിജോ ജാസ് പെല്ലിശ്ശേരിയുടെ പ്രതികരണം.
ചുരുളി സിനിമയുടെ തെറി പറയുന്ന വേര്‍ഷന്‍ റിലീസ് ചെയ്യുമ്പോള്‍ അറിയിച്ചില്ലെന്നും തെറി പറയുന്ന വേര്‍ഷന്‍ അവാര്‍ഡിനേ അയക്കുകയുള്ളു എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും ജോജു ജോര്‍ജ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് ലിജോ ജോസ് രംഗത്ത് എത്തിയത്. അതേസമയം ഒരവസരമുണ്ടായാല്‍ ഉറപ്പായും ചുരുളി തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും ലിജോ കുറിച്ചു.
ലിജോയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം:
‘പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്,
‘സുഹൃത്തുക്കളായ നിര്മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓര്‍മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍ എന്ന കഥാപാത്രം’.
‘തെറി പ്രയോഗങ്ങള്‍ ഉള്‍പ്പെടുന്ന പതിപ്പാണ് തിയേറ്ററില്‍ റീലിസ് ചെയ്യുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. പിന്നെ എനിക്ക് പൈസ ഒന്നും കിട്ടിയിട്ടില്ല അഭിനയിച്ചതിന്. അത് ഞാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അക്കാര്യം ഞാന്‍ വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. പിന്നെ അതിന്റെ പേരില്‍ കേസ് വന്നു എനിക്ക്. ഇതുമായി ബന്ധപ്പെട്ട് എന്നെ ആരും ഒന്നും വിളിച്ച് ചോദിച്ചിട്ടില്ല, ഒരു മര്യാദയുടെ പേരില്‍ പോലും. പക്ഷെ ഞാന്‍ ജീവിക്കുന്ന എന്റെ നാട്ടില്‍ ഇതൊക്കെ വലിയ പ്രശ്‌നമായിരുന്നു. ഫുള്‍ തെറി പറയുന്ന നാടാണ്, പക്ഷെ ഞാന്‍ പറഞ്ഞപ്പോള്‍ പ്രശ്‌നമായി. ചുരുളിയില്‍ തെറി പറയുന്ന വേഷം അവാര്‍ഡിന് അയക്കുകയുള്ളൂ എന്ന് പറഞ്ഞത് കൊണ്ട് അഭിനയിച്ചതാണ് ഞാന്‍. പക്ഷെ അവര്‍ അത് റിലീസ് ചെയ്തു. ഇപ്പോള്‍ ഞാന്‍ ആണ് അത് ചുമന്നു കൊണ്ട് നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്ത വേര്‍ഷനും ഉണ്ട്,’ എന്നായിരുന്നു ജോജു ജോര്‍ജ് പറഞ്ഞത്.