ജെ.എസ്.കെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്. ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത് അനുപമ പരമേശ്വരനാണ്. ഇപ്പോഴിതാ മലയാളികള്‍ കഴിവുള്ളവരെ ആദ്യം അംഗീകരിക്കില്ലെന്നും അവരെ കൂവി ഓടിക്കുമെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ മാധവ് സുരേഷ്. സൈബര്‍ ആക്രമണം കാരണം തെലുങ്കിലേക്ക് പോയ അനുപമ പിന്നീട് അവിടെ തിരക്കുള്ള നടിയായി മാറിയെന്നും, അവരെപ്പോലെ മറ്റൊരു ഉദാഹരണമാണ് ദുല്‍ഖര്‍ സല്‍മാനെന്നും മാധവ് കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാധവിന്റെ പ്രതികരണം.
മാധവ് സുരേഷിന്റെ വാക്കുകള്‍…..
‘ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയ നടിയാണ് അനുപമ. ആദ്യത്തെ സിനിമയിലൂടെ തന്നെ വലിയ തരംഗമായി മാറി. എല്ലാവരുടെ ഇടയിലും അനുപമ ക്രഷായി മാറി. ആദ്യത്തെ സിനിമ ഇന്‍ഡസ്ട്രിയിലെ സെന്‍സേഷണല്‍ ഹിറ്റായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ക്ക് നേരെ നടന്നത് എന്താണ്. വലിയ രീതിയില്‍ സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്നു. അതിന് ശേഷം അനുപമ മറ്റ് ഭാഷയിലേക്ക് പോയി. തെലുങ്കില്‍ അവര്‍ക്ക് കൈനിറയെ അവസരങ്ങള്‍ കിട്ടി. അവിടത്തെ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് അനുപമ മാറി. പിന്നീട് ഇപ്പോഴാണ് അവര്‍ മറ്റൊരു മലയാളസിനിമ ചെയ്യുന്നത്. മലയാളികള്‍ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്. ഇതിലെ മറ്റൊരു ഉദാഹരണമായി പറയാന്‍ കഴിയുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. എനിക്ക് ആ പേര് പറയാന്‍ റൈറ്റ്‌സ് ഉള്ളതുകൊണ്ട് മാത്രമാണ് ആ പേര് മെന്‍ഷന്‍ ചെയ്തത്. സെക്കന്‍ഡ് ഷോ എന്ന സിനിമയുടെ റിലീസിന് ശേഷം ദുല്‍ഖറിനെ കൂവിയോടിച്ചവരുണ്ട്. അതേ സ്ഥലത്ത് പിന്നീട് ദുല്‍ഖറിനെ കാണാന്‍ ആയിരങ്ങള്‍ തടിച്ചുകൂടി. ഇതാണ് മലയാളികളുടെ സ്വഭാവം. കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല. പോകുമ്പോഴാകും അവരുടെ മൂല്യം മനസിലാവുക.’
പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ജെ. എസ്. കെ. അതെസമയം സിനിമയുടെ പ്രദര്‍ശനം വൈകുകയാണ്. ജൂണ്‍ 27 നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഹൈന്ദവ ദൈവത്തിന്റെ പേരാണ് ജാനകി എന്നും ഇത് മാറ്റണമെന്നും ആയിരുന്നു കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് കണ്ട് പൂര്‍ണ തൃപ്തിയായ പടമാണ് ജെ.എസ്.കെ എന്നാല്‍ ചിത്രത്തിന്റെ ജാനകിയെന്ന പേര് മാറ്റണമെന്ന നിലപാടിലാണ് കേന്ദ്ര സെന്‍സര്‍ബോര്‍ഡ്.