നിരവധി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നിമിഷ സജയന്‍. നിമിഷയുടെ കരിയറില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. കൊവിഡ് സമയത്ത് നേരിട്ട് ഒ ടി ടി റീലീസ് ചെയ്ത സിനിമ അന്ന് ഏറെ ചര്‍ച്ചയായി മാറിയിരുന്നു. നിമിഷയ്ക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കും അന്നുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയിലെ ക്ലൈമാക്‌സില്‍ കഥാപാത്രം വീട്ടിലെ ആണുങ്ങള്‍ക്ക് നേരെ വേസ്റ്റ് വെള്ളം ഒഴിച്ചതിനെക്കുറിച്ച് പറയുകയാണ് നിമിഷ. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
നിമിഷയുടെ വാക്കുകള്‍…
‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയുടെ തുടക്കത്തില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം എല്ലാ കാര്യങ്ങളെയും ചിരിച്ചുകൊണ്ടാണ് നേരിട്ടത്. ആരോടും ഒരു പരിഭവവും പറയാത്ത കഥാപാത്രമായാണ് കാണിക്കുന്നത്. എന്നാല്‍ സിനിമയുടെ അവസാനം അവള്‍ ആ വീട്ടിലെ രണ്ട് പുരുഷന്മാരുടെയും നേരെ വേസ്റ്റ് വെള്ളം ഒഴിച്ച് ദേഷ്യം പ്രകടിപ്പിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ആ കഥാപാത്രം അങ്ങനെ ചെയ്യാന്‍ കാരണം ഈ സമൂഹമാണ്. എന്നാല്‍ എല്ലാ സ്ത്രീകളും ആ കഥാപാത്രത്തെപ്പോലെയാകില്ല ദേഷ്യം പ്രകടിപ്പിക്കുന്നത്. ചിലര്‍ അപ്പോള്‍ തന്നെ റിയാക്ട് ചെയ്യും. അല്ലെങ്കില്‍ മനസില്‍ തന്നെ വെച്ചുകൊണ്ട് അങ്ങ് ജീവിക്കും. എന്റെ അമ്മ ദേഷ്യം വന്നാല്‍ അത് അപ്പോള്‍ തന്നെ പുറത്തുകാണിക്കും. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ആ കഥാപാത്രം വളര്‍ന്ന രീതി മറ്റൊന്നായതുകൊണ്ട് അങ്ങനെ റിയാക്ട് ചെയ്തു എന്ന് മാത്രം.’
ജിയോ ബേബിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍,ജിയോ ബേബി, ടി സുരേഷ് ബാബു എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.