കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗം മികച്ച അഭിപ്രായങ്ങളോടെ സ്ട്രീമിങ് തുടരുകയാണ്. സീരിസിന്റെ കഥയ്ക്കും സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയല്‍ സീസണ്‍ 2 സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ത്രില്ലര്‍ സീരീസുകള്‍ ചെയ്യാന്‍ നേരത്തെ തന്നെ ആഗ്രഹം ഉണ്ടായിരുന്നുവെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ അഹമ്മദ്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഹമ്മദ് കബീറിന്റെ വാക്കുകള്‍….
‘ജൂണ്‍, മധുരം സിനിമകള്‍ കഴിഞ്ഞപ്പോള്‍ നന്മമരം ഫീല്‍ ഗുഡ് എന്നിങ്ങനെ ടാഗുകള്‍ വന്നിരുന്നു. അത് കഴിഞ്ഞ് കേരള ക്രൈം ഫയല്‍സ് വന്നപ്പോള്‍ നിന്റെ ശരിക്കും ഉള്ള സ്വഭാവം ഇതല്ലെടാ എന്ന് പലരും ചോദിച്ചു. എനിക്ക് ഫീല്‍ ഗുഡ് സിനിമകള്‍ ഇഷ്ടമാണെങ്കിലും കൂടുതല്‍ കാണുന്നത് ത്രില്ലര്‍ സീരിസ് ആണ്. അതുകൊണ്ട് ആഗ്രഹമുണ്ടായിരുന്നു ചെയ്യണമെന്ന്. ആദ്യ സീസണ്‍ കഥ വന്നപ്പോള്‍ അതൊരു സിനിമയായി ചെയ്യാന്‍ പറ്റും. ചെറിയ പ്ലോട്ട് മാത്രമേ ഉള്ളൂ. എന്നെങ്കിലും ഒരു ഒറിജിനല്‍സ് പോലെയോ അല്ലെങ്കില്‍ വെബ് സീരീസ് കോണ്‍ടെന്റ് ചെയ്യണം എന്നോ വിചാരിച്ചിരുന്നു. ഇപ്പോള്‍ ഒരു ഓഫര്‍ വന്നപ്പോള്‍ ചെയ്തതാണ്. ഫ്രാഞ്ചൈസികള്‍ക്ക് അങ്ങനെ ഒരു ഗുണം ഉണ്ട്. എനിക്ക് ഒരു ത്രില്ലര്‍, പൊലീസ് കഥകള്‍ ചെയ്യണം എങ്കില്‍ ഈ ഫ്രാഞ്ചൈസികളിലൂടെ ചെയ്യാമല്ലോ. അപ്പുറത്ത് മൂവിയില്‍ നമുക്ക് വേറെ ജോണേഴ്‌സും ചെയ്യാം. അങ്ങനെ നോക്കുമ്പോ ജോര്‍ണേഴ്സ് ഷിഫ്റ്റ് ചെയ്യുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്.’
സീരീസ് ജൂണ്‍ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. അജു വര്‍ഗീസ്, ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ലാല്‍, ഹരിശ്രീ അശോകന്‍, നൂറിന്‍ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ തുടങ്ങിയവരും രണ്ടാം സീസണില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.