സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ വിശദീകരണവുമായി നടന്‍ ജോജു. തെറി ഇല്ലാത്ത ഒരു വേര്‍ഷന്‍ ചുരുളിക്ക് ഉണ്ടായിരുന്നു. അതാണ് ഐഎഫ്എഫ്‌കെയില്‍ അടക്കം പ്രദര്‍ശിപ്പിച്ചതെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.
ജോജുവിന്റെ പ്രതികരണം….
‘തെറി ഇല്ലാത്ത ഒരു വേര്‍ഷന്‍ ലിജോ എന്നെകൊണ്ട് ഡബ് ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പൈസ കൂടുതല്‍ കിട്ടിയപ്പോള്‍ തെറി വേര്‍ഷന്‍ അവര്‍ സിനിമ ഒടിടിക്ക് വിറ്റു. പുറത്തുവിട്ട തുണ്ട് കടലാസിനൊപ്പം എഗ്രിമെന്റും പുറത്തുവിടണം. പൊറിഞ്ചു മറിയം ജോസ് കഴിഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെ അഭിനയിക്കണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. താന്‍ ലിജോയുടെ ശത്രു അല്ല. ചുരുളി എന്ന സിനിമയ്ക്ക് താന്‍ എതിരല്ല. ലഭിച്ചത് മികച്ച കഥാപാത്രം . സിനിമയിലെ മോശം പദപ്രയോഗത്തിന്റെ പേരില്‍ താന്‍ ട്രോള്‍ ചെയ്യപ്പെട്ടു. മക്കള്‍ സ്‌കൂളില്‍ പോകുമ്പോഴും ട്രോള്‍ പറഞ്ഞു കളിയാക്കി’.
ചുരുളി സിനിമയുടെ തെറി പറയുന്ന വേര്‍ഷന്‍ റിലീസ് ചെയ്യുമ്പോള്‍ അറിയിച്ചില്ലെന്നും തെറി പറയുന്ന വേര്‍ഷന്‍ അവാര്‍ഡിനേ അയക്കുകയുള്ളു എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും ജോജു ജോര്‍ജ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് ലിജോ ജോസ് രംഗത്ത് എത്തിയത്. അതേസമയം ഒരവസരമുണ്ടായാല്‍ ഉറപ്പായും ചുരുളി തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും ലിജോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.