ഹൈദരാബാദ്: ‘കണ്ണപ്പ’ നടൻ മഞ്ചു വിഷ്ണുവിന്‍റെ ഹൈദരാബാദിലെ ഓഫീസുകളിൽ ജി.എസ്.ടി സംഘം റെയ്ഡ് നടത്തി. തെലുങ്ക് നടനും നിർമാതാവുമായ താരത്തിന്റെ ‘കണ്ണപ്പ’ സിനിമയുടെ പ്രൊമോഷൻ നടക്കുന്നതിനിടെയാണ് റെയ്ഡ്. മഞ്ചു വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള മാധാപൂരിലെയും കാവൂരി ഹിൽസിലെയും ഓഫീസുകളിൽ ആണ് റെയ്ഡ് നടത്തിയത്.
ജൂൺ 27 നു റിലീസ് ചെയ്യാനിരിക്കുന്ന ആക്ഷൻ ഫാന്‍റസി ചിത്രം വരാനിരിക്കെയാണ് റെയ്ഡ്. ‘റെയ്ഡുകൾ നടക്കുന്നുണ്ടെങ്കിൽ അത് നല്ലതാണ്. ഒന്നും മറച്ചുവെക്കാനില്ല.’എന്നാണ് മഞ്ചു വിഷ്ണു പറഞ്ഞത്. സിനിമയുടെ പ്രമോഷനിലായതിനാൽ റെയ്ഡ് നടക്കുന്ന വിവരം അറിഞ്ഞിരുന്നില്ല, മാധ്യമങ്ങൾ വഴിയാണ് വിവരം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കണ്ണപ്പ. പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നു. ജി.എസ്.ടി അന്വേഷണത്തിന്‍റെ കണ്ടെത്തലുകളെ കുറിച്ചോ തുടർനടപടികളെ കുറിച്ചോ അധികാരികൾ ഇതുവരെ പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.