ഭൂപരിഷ്‌ക്കരണ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ട സാഹചര്യമില്ലെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. സംസ്ഥാന റവന്യൂ, സര്‍വെ ഭൂരേഖാ വകുപ്പ് സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ഡിജിറ്റല്‍ റീസര്‍വെ ‘ഭൂമി’ ദേശീയ കോണ്‍ക്ലേവിന്റെ പ്രതിനിധി സെഷന്‍ കോവളം ഉദയ സമുദ്ര ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് അടിത്തറ പാകിയത് ഭൂപരിഷ്‌കരണ നിയമമാണ്. അനിവാര്യമായ ഭേദഗതി അടക്കം, കാലോചിതമായ മാറ്റങ്ങള്‍ നേരത്തേ നിയമത്തില്‍ വരുത്തിയിട്ടുണ്ട്. നമ്മളെ മാതൃകയാക്കി മറ്റു പല സംസ്ഥാനങ്ങളും സദൃശ്യമായ ഭൂപരിഷ്‌കരണം നടപ്പിലാക്കിയെങ്കിലും കേരളത്തിന്റെ ഭൂപരിഷ്‌കരണ നിയമത്തോളം കരുത്തും വിശാലവും ആയിരുന്നില്ല ഇവയൊന്നും. സാമൂഹിക മാറ്റത്തിന് അധിഷ്ടിതമായ ഭൂ വിതരണത്തിനാണ് ഭൂപരിഷ്‌കരണ നിയമം നേതൃത്വം നല്‍കിയത്. ജന്മിത്തം അവസാനിപ്പിച്ച്, ഭൂമി കൈവശം വച്ച് കൃഷി ചെയ്ത് വന്നവരെ ഭൂ ഉടമകളാക്കുവാന്‍ നിയമം അവസരം ഉണ്ടാക്കുന്നുണ്ട്. ഭൂ സംബന്ധമായ മുഴുവന്‍ നടപടികള്‍ക്കും രേഖകള്‍ക്കും സഹായകരമായ റവന്യൂ, സര്‍വെ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ പോര്‍ട്ടലുകള്‍ ഏകോപിപ്പിച്ച് ‘എന്റെ ഭൂമി’ എന്ന ഒറ്റ പോര്‍ട്ടല്‍ രൂപീകരിച്ച് ഇഗവേണന്‍സില്‍ കേരളം ലോകത്തിനു മുന്നില്‍ വലിയ മാതൃക സൃഷ്ടിച്ചു എന്നും മന്ത്രി കെ രാജന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഭൂ ഭരണത്തിലും ഭൂ പരിപാലനത്തിലും മറ്റെല്ലാ സംസ്ഥാനങ്ങളും കേരള മോഡലിനെ പിന്തുടരണമെന്ന് ഹിമാചല്‍ പ്രദേശ് റവന്യൂ, ഗോത്രവര്‍ഗ വകുപ്പ് മന്ത്രി ജയ്‌സിങ് നേഹി. ഡിജിറ്റല്‍ റീസര്‍വെ ‘ഭൂമി’ ദേശീയ കോണ്‍ക്ലേവിന്റെ പ്രതിനിധി സെഷന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മോഡലിനെ അടിസ്ഥാനമാക്കി ഹിമാചല്‍ പ്രദേശില്‍ ഡിജിറ്റല്‍ റീസര്‍വെ നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. വലിയ വെല്ലുവിളിയാണ് ഇക്കാര്യത്തില്‍ ഹിമാചലിനെ സംബന്ധിച്ചുള്ളത്. എന്നാല്‍ അതിനെ തരണം ചെയ്യാനുള്ള ഊര്‍ജമാണ് കേരളം. പഞ്ചായത്ത് തല ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കിക്കൊണ്ട് ഹിമാചലിലെ ജനങ്ങളെ പ്രാപ്തരാക്കാനുള്ള ഇടപെടലുകള്‍ തുടങ്ങിയിട്ടുണ്ടെന്നും ജയ്‌സിങ് നേഹി പറഞ്ഞു.
വെല്ലുവിളികള്‍ നിറഞ്ഞ ഭൂ സര്‍വെ രംഗത്ത് രാജ്യത്തിനാകെ മാതൃകയാണ് കേരളം സൃഷ്ടിച്ചിരിക്കുന്നതെന്ന് കേന്ദ്ര ലാന്‍ഡ് ആന്റ് റിസോഴ്‌സ് വകുപ്പ് സെക്രട്ടറി മനോജ് ജോഷി അഭിപ്രായപ്പെട്ടു. കോവളത്ത് നടക്കുന്ന ഡിജിറ്റല്‍ റീസര്‍വെ ‘ഭൂമി’ ദേശീയ കോണ്‍ക്ലേവിന്റെ പ്രതിനിധി സെഷന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനവാസവും കെട്ടിടങ്ങളും നിറഞ്ഞ കേരളത്തില്‍ യാതൊരു പിഴവുകളും സംഭവിക്കാതെ ഡിജിറ്റല്‍ റീ സര്‍വെ നടപടികള്‍ നൂറു ശതമാനവും വിജയിപ്പിക്കാന്‍ കഴിയുന്നത് അദിനന്ദനാര്‍ഹമാണ്. മികച്ച സോഫ്റ്റുവേര്‍ സംവിധാനമാണ് കേരളം ഉപയോഗിക്കുന്നത്. ആന്ധ്ര, അസം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങള്‍ റീ സര്‍വെ ആരംഭിച്ചെങ്കിലും ഇത്രയും കൃത്യതയോടെ നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്ന കാര്യം സംശയകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ലാന്‍ഡ് ആന്റ് റിസോഴ്‌സ് വകുപ്പ് സെക്രട്ടറി മനോജ് ജോഷി അധ്യക്ഷത വഹിച്ചു. ഹിമാചല്‍ പ്രദേശ് റവന്യൂ വകുപ്പ് മന്ത്രി ജയ്‌സിങ് നേഹി ആശംസകള്‍ അര്‍പ്പിച്ചു. ലാന്‍സ് റവന്യൂ കമ്മിഷണര്‍ കെ മുഹമ്മദ് വൈ സെയ്ഫുള്ള സ്വാഗതവും റവന്യൂ ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം നന്ദിയും പറഞ്ഞു. രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 120 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
















