കൊച്ചി: വിനോദ നികുതി ഒഴിവാക്കുക, വൈദ്യുതി ചാര്‍ജ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിനിമ സമരത്തിനൊരുങ്ങി ഫിലിം ചേമ്പര്‍. ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കണമെന്ന്ചൂണ്ടിക്കാട്ടി സാംസ്‌കാരിക മന്ത്രിക്ക് ഫിലിം ചേമ്പർ കത്ത് നല്‍കി.
ഈ തീരുമാനങ്ങളില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ജൂലൈ 15ന് സൂചന പണിമുടക്ക് നടത്തുമെന്നും ചേമ്പര്‍ അറിയിച്ചു. സിനിമ രംഗത്തെ സമൂലമായ പരിഷ്കാരത്തിന് വേണ്ടി സര്‍ക്കാര്‍ ഓഗസ്റ്റിൽ കൊച്ചിയില്‍ നടത്തുന്ന സിനിമ കോൺക്ലേവ് ബഹിഷ്കരിക്കുമെന്നും ചേമ്പര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ സംസ്കാരിക മന്ത്രി സജി ചെറിയാന്‍ നല്‍കിയ ഉറപ്പില്‍ ജൂൺ ഒന്ന് മുതൽ നടത്താനിരുന്ന സിനിമ സമരം മാറ്റി വച്ചിരുന്നു. എന്നാല്‍ ഈ ഉറപ്പില്‍ തുടര്‍ നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ചേമ്പറിന്‍റെ പരാതി.
ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പെടെ ഇരട്ട നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഫിലിം ചേമ്പറിന്‍റെ പ്രധാന ആവശ്യം. ഒപ്പം തന്നെ താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങളും നേരത്തെ സിനിമ സമരം പ്രഖ്യാപിച്ച സമയത്ത് ചേമ്പര്‍ മുന്നോട്ട് വച്ചിരുന്നു.
അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയെ അറിയിച്ചിരുന്നു.