സുരേഷ് ഗോപി നായകനാകുന്ന ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞ വിഷയത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ .ഏത് മതത്തിലും വ്യക്തികള്‍ക്ക് പേരിടുന്നത് ദൈവ നാമങ്ങള്‍ ആയിരിക്കുമെന്നും ഈ സാഹചര്യം തുടര്‍ന്നാല്‍ ഭാവിയില്‍ കഥാപാത്രങ്ങള്‍ക്ക് പേരിടാതെ നമ്പര്‍ ഇടേണ്ട അവസ്ഥ വരുമെന്ന് രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രഞ്ജി പണിക്കരുടെ പ്രതികരണം…
‘വ്യക്തികള്‍ക്ക് നമ്മുടെ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് ലഭിക്കുന്ന എല്ലാ നാമങ്ങളും ഏതെങ്കിലും അര്‍ത്ഥത്തില്‍ ദൈവ നാമങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് ഏത് മതമായാലും. ഒരു പേരിനെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നാളെ കഥാപാത്രങ്ങള്‍ക്ക് പേരിന് പകരം നമ്പര്‍ ഇടേണ്ട സാഹചര്യത്തിലേക്ക് പോയേക്കാം. ജാനകി എന്നത് മുപ്പത്തി മുക്കോടി ദേവതകളില്‍ ഒന്നിന്റെ പേരാണെങ്കില്‍ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ട് ഇതേ അപകട സാധ്യതയുണ്ട്. വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരത വിളിച്ചു പറയുന്ന ഏറ്റവും പുതിയ സംഭവമായാണ് ഇതിനെ കാണേണ്ടത്. ഇനി സിനിമയിലും, നാടകത്തിലും, എല്ലാം നമ്പര്‍ ഇട്ട് കഥാപാത്രങ്ങള്‍ ഉണ്ടാകേണ്ട സാഹചര്യം ഉണ്ടാകും.’
അതേസമയം വിഷയത്തില്‍ സമരത്തിനൊരുങ്ങിയിരിക്കുകയാണ് സംഘടനകള്‍. തിങ്കളാഴ്ച തിരുവനന്തപുരത്ത് സിബിഎഫ്സി റീജിയണല്‍ ഓഫീസിന് മുന്നിലാണ് സമരപരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെഫ്ക, നിര്‍മാതാക്കളുടെ സംഘടന, അഭിനേതാക്കളുടെ സംഘടനയായ അമ്മ എന്നിവരുടെ പ്രാതിനിധ്യം സമരത്തിലുണ്ടാകുമെന്ന് ഫെഫ്ക അറിയിച്ചു.
ചിത്രത്തിന്റെ ടൈറ്റിലിലെ ജാനകി എന്ന പേര് സീതയുടെ മറ്റൊരു നാമമാണെന്നും കഥാപാത്രത്തിനും സിനിമയ്ക്കും ആ പേര് നല്‍കുന്നത് ഉചിതമായ നടപടിയായിരിക്കില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഇക്കാര്യം അനൗദ്യോഗികമായി അറിയിച്ചുവെന്നാണ് അണിയറപ്രവര്‍ത്തകര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
എന്നാല്‍ സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും സെന്‍സര്‍ ബോര്‍ഡിനോട് കോടതി ചോദിച്ചു. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.