കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ സർക്കാർ നടപടിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
2024 ഒക്ടോബർ 1 നാണ് സിദ്ധാർത്ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ ഇതുവരെ നിർദ്ദേശം നടപ്പിലാക്കിയില്ല. ഇതോടെയാണ് മനുഷ്യാവകാശ കമ്മീഷൻ വീണ്ടും ഇടപെട്ടത്.
2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ പൂക്കോട് വെറ്ററിനറി കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായ റാഗിങിന് സിദ്ധാർത്ഥൻ ഇരയായിരുന്നു. എസ്എഫ്ഐ പ്രവർത്തകരടക്കം 18 പേർ കേസിൽ പ്രതികളാണ്. കോളേജ് ഹോസ്റ്റലിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകരടക്കമുള്ളവരില്‍ നിന്ന് സിദ്ധാർത്ഥന് ക്രൂരമായി മര്‍ദ്ദനമേറ്റു. അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് പരസ്യവിചാരണ ചെയ്തു.
ബെല്‍റ്റും മൊബൈല്‍ഫോണ്‍ ചാർജറുകളും വച്ച് അടിക്കുകയും ശരീരത്തില്‍ പലതവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു.പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന വരുത്തി തീര്‍ക്കാൻ പൊലീസ് കൊണ്ടുപിടിച്ച് ശ്രമിച്ചെന്നും പ്രതികളെ രക്ഷിക്കാൻ ഹോസ്റ്റല്‍ വാര്‍ഡനും ഡീനും പ്രയത്നിച്ചുവെന്നും കുടുംബം അടക്കം ആരോപണം ഉയർത്തി.ഒടുവില്‍ സമ്മർദ്ദം ശക്തമായതോടെയാണ് കേസിൽ നടപടികള്‍ ഉണ്ടായത്.
കുടുംബത്തിന്‍റെ ആവശ്യപ്രകാരം കേസ് പിന്നീട് സർക്കാർ സിബിഐയ്ക്ക് വിട്ടെങ്കിലും രേഖകള്‍ അടക്കം കൈമാറുന്നതില്‍ താമസം വരുത്തി കേസ് അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി.കേസിലെ പ്രതികള്‍ക്ക് മണ്ണുത്തി ക്യാമ്പസില്‍ തുടർ പഠനം നടത്താൻ പിന്നീട് ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍ ഇത് ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ് സിദ്ധാർത്ഥന്‍റെ കുടുംബം.